500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീരാമഭഗവാന് അയോദ്ധ്യയുടെ മണ്ണിൽ ഭവ്യമന്ദിരം ഉയർന്നത്. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോഗിരാജും ബാലകരാമനൊപ്പം പ്രശസ്തമാകുകയാണ്. അദ്ദേഹത്തിന്റെ കരവിരുതാണ് ഭാരതത്തിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
300 കിലോയോളം ഭാരം വരുന്ന കൃഷ്ണശിലയിലാണ് 51 ഇഞ്ച് ഉയരമുള്ള രാംലല്ലയുടെ വിഗ്രഹം കൊത്തിയെടുത്തത്. താൻ നിർമ്മിച്ച വിഗ്രഹമല്ല ഇന്ന് കാണുന്നതെന്നും അഭൂതപൂർവ്വമായ മാറ്റമാണ് വിഗ്രഹത്തിന് സംഭവിച്ചിട്ടുള്ളതെന്നാണ് ശിൽപി അരുൺ യോഗിരാജ് പറയുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് വിഗ്രഹം എത്തിച്ചതിന് പിന്നാലെ രാംലല്ലയുടെ മുഖവും കണ്ണുകളും ഭാവവും മാറിയത് തനിക്ക് അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠയ്‌ക്ക് ശേഷം വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും അരുൺ പറഞ്ഞു.
Arun Yogiraj – the sculptor – says that he feels that the face, expression and eyes of #ShriRamLalla changed after the #PranPrathistha #AyodhyaRamMandir
pic.twitter.com/7Es6e4QwYW— Right Wing India (@rightwing_in) January 24, 2024
സാധാരണയായി പത്ത് വ്യത്യസ്ത രീതികളിൽ കണ്ണുകൾ നിർമ്മിക്കാൻ കഴിയുമെന്ന് അരുൺ യോഗിരാജ് പറയുന്നു. എന്നാൽ പ്രതിഷ്ഠയ്‌ക്ക് ശേഷം മറ്റൊരു വികാരമാണ് അലയടിച്ചത്. ശിലയിൽ കൊത്തിയെടുത്ത വിഗ്രഹത്തിലേക്ക് ദൈവീക ശക്തി പ്രതിഫലിച്ചത് പോലെ, ദൈവം മറ്റൊരു രൂപമെടുത്തത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി കൊത്തി മിനുക്കിയ വിഗ്രഹത്തെ തനിക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. പ്രാണ പ്രതിഷ്ഠയ്‌ക്ക് പത്ത് ദിവസം മുൻപ് തന്നെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചെലവഴിച്ചിരുന്നു. പ്രതിഷ്ഠാ ദിനത്തിലും താൻ ക്ഷേത്രത്തിലിരുന്നു ചടങ്ങുകൾ വീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ വർണിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകോവിലിൽ കയറിയപ്പോൾ തന്നെ വിഗ്രഹം ആകെ മാറി. രണ്ട് ദിവസം കൊണ്ട് തന്നെ രാംലല്ലയ്‌ക്ക് ഒരുപാട് സ്നേഹമെത്തുന്നു.
ഭക്തന്റെ ഹൃദയത്തിലേക്ക് ഭഗവാൻ എത്തിച്ചേരുന്നത് വിഗ്രഹത്തിലൂടെയാണ്. ആ വിഗ്രഹത്തിലൂടെയാണ് ഭക്തനും ഭഗവാനും തമ്മിൽ സംഭാഷണം നടത്തുന്നത്. ഇതായിരുന്നു താൻ നേരിട്ട വലിയ വെല്ലുവിളിയെന്നും അരുൺ യോഗിരാജ് പറഞ്ഞു. കല്ലിൽ ലയിച്ച് വിഗ്രഹം ദൈവത്തിന്റെ രൂപം സ്വീകരിക്കുകയാണ് ചെയ്യുന്നത്. വലിയ ഉത്തവാദിത്തമായിരുന്നു തന്നെ ഏൽപ്പിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. രാവും പകലുമില്ലാതെ, നാടും നഗരവും ഭഗവാനെ എങ്ങനെ ദർശിക്കുമെന്നായിരുന്നു. ഏഴ് മാസമാണ് ഇതിനായി ചെലവഴിച്ചത്. അഞ്ച് വയസുള്ള ബാലന്റെ രൂപത്തിലാണ് വിഗ്രഹം നിർമ്മിക്കേണ്ടത് എന്നതിനാൽ അഞ്ച് വയസുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. അഞ്ചുവയസുള്ള കുട്ടിക്കുള്ളിൽ രാമനെ കണ്ടെത്തുകയായിരുന്നു വെല്ലുവിളി. എന്നാൽ ഇപ്പോൾ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ താനാണെന്ന് തോന്നി പോകുന്നുവെന്നും അരുൺ യോഗിരാജ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ആകെ സ്നേഹം ഇന്ന് രാംലല്ലയ്‌ക്ക് ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലിൽ പ്രവർത്തിക്കാൻ ഒരേയൊരു അവസരമേയുള്ളൂവെന്ന് അരുൺ യോഗിരാജ് പറയുന്നു. മെച്ചപ്പെടാനുള്ള സാധ്യത കുറവാണ്. ഒരു വികാരം കല്ലുകൊണ്ട് പുറത്തെടുക്കണം. അതിനായി കല്ലിനൊപ്പം ധാരാളം സമയം ചെലവഴിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പുറം ലോകത്ത് നിന്ന് പൂർണമായി വിട്ടുനിന്നു. അടുത്ത ദിവസത്തെ ജോലിയെ കുറിച്ച് ഗൃഹപാഠം ചെയ്യുന്നത് ദിനചര്യയുടെ ഭാഗമായി പോലും മാറിയിരുന്നു. കുട്ടിയുടെ മുഖം മനസിൽ സൂക്ഷിച്ചു, അവന്റെ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കി പിന്നീട് രാംലല്ല ആജ്ഞാപിച്ചു, ഞാൻ അനുഗമിച്ചു… അരുൺ യോഗിരാജ് പറഞ്ഞു.