മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഒരു സ്വതന്ത്ര വിദേശ നയം പിന്തുടരുക എന്നത് ഇന്നത്തെ ലോകത്ത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃവൈഭവം അംഗീകരിച്ചേ മതിയാകൂ എന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ‘റഷ്യൻ വിദ്യാർത്ഥി ദിന’ത്തോടനുബന്ധിച്ച് കലിനിൻഗ്രാഡ് മേഖലയിലെ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ പുടിൻ പ്രശംസിച്ചത്. റഷ്യ ടുഡേയാണ്(ആർടി) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക ശക്തികളിലൊന്നും വികസന വളർച്ചയുടെ നിരക്കിൽ മുൻപന്തിയിലുമാണ് ഇന്ത്യ. അത് നിലവിലെ പ്രധാനമന്ത്രിയുടെ നേതൃഗുണങ്ങൾ കൊണ്ടാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇത്രയും വേഗതയിലെത്തിയത്. റഷ്യയ്‌ക്ക് ഇന്ത്യയെയും ആ രാജ്യത്തിന്റെ നേതൃത്വത്തെയും ആശ്രയിക്കാൻ കഴിയും. കാരണം അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യ നമുക്കെതിരെ ‘ഗെയിം’ കളിക്കില്ലെന്ന് ഉറപ്പാണ്. ഇന്ത്യ ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്. അത് ഇന്നത്തെ ലോകത്ത് അത്ര എളുപ്പമല്ല. പക്ഷേ, 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യക്ക് അതിനുള്ള അവകാശമുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആ അവകാശം സാക്ഷാത്കരിക്കപ്പെടുന്നു”.
“ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തമായ പ്രവർത്തനങ്ങൾ ദീർഘകാലം തുടരുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ ചുവടുവെപ്പുകൾ നടത്തി. അദ്ദേഹത്തിന്റെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന പ്രചാരണം റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനമാണ്. ഈ പദ്ധതികളെല്ലാം ജീവസുറ്റതാക്കാൻ റഷ്യയിലെ ഇന്ത്യൻ പൗരന്മാരുമായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം റഷ്യയിൽ നിന്നാണ് വന്നത്. 23 ബില്യൺ യുഎസ് ഡോളർ ഞങ്ങളുടെ കമ്പനിയായ റോസെനെഫ്റ്റ് നിക്ഷേപിച്ചു. ഒരു ഓയിൽ റിഫൈനറി ഏറ്റെടുത്തു, പെട്രോൾ സ്റ്റേഷനുകളുടെ ശൃംഖല ആരംഭിച്ചു, ഒരു തുറമുഖം തുടങ്ങി”- വ്‌ളാഡിമിർ പുടിൻ പറഞ്ഞു.