ബെംഗളൂരു; യുവ അദ്ധ്യാപികയെ കൊന്നുകുഴിച്ചു മൂടിയ കേസിലെ പ്രതി പിടിയിൽ. ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന 21കാരനാണ് പിടിയിലായത്. വിജയനഗരയിലെ ഹൊസ്പേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. യുവതിയുടെ മൃതദേഹം കണ്ടെത്തി രണ്ടുദിവസമാകുമ്പോഴാണ് പ്രതിയെ പിടികൂടുന്നത്.
പണ്ഡവപുര മാണിക്യഹള്ളി സ്വദേശിനിയായ ദീപിക വി ഗൗഡയെ(28) 20നാണ് കാണാതായത്. ഭർത്താവ് ലോകേഷ് നൽകിയ പരാതിയിൽ തിരോധാന കേസ് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മേലോകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് സ്കൂട്ടർ കണ്ടെടുത്തതോടെയാണ് ഇവിടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുന്നത്.
നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ കുടുംബം താക്കീത് ചെയ്തതോടെ
ദീപിക ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ തന്നെ അവഗണിക്കുകയാണെന്ന് ബോദ്ധ്യമായ യുവാവ് ദീപികയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കി. ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം ക്ഷേത്രവളപ്പിൽ കുഴിച്ചിട്ട ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇരുവരും വഴക്കടിക്കുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് ഒരു വിനോദ സഞ്ചാരി പോലീസിന് കൈമാറി.
ഏഴുവയസുകാരൻ മകനൊപ്പമാണ് ദീപികയും ഭർത്താവും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ടൂവീലറിൽ വീട്ടിൽ നിന്നിറങ്ങിയ ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഇതോടെയാണ് ഭർത്താവ് പോലീസിനെ സമീപിച്ചത്.യുവതിയുടെ മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.