തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് z പ്ലസ് സുരക്ഷ ഏർപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. ഗവർണർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് സംസ്ഥാനത്ത് നിലവിൽ z പ്ലസ് സുരക്ഷയുള്ളത്. ഇതാണ് ഗവർണർക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആർപിഎഫിന് കൈമാറും. ഇതു സംബന്ധിച്ച നിർദ്ദേശം ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്ത് ലഭിച്ചു.
എസ്പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് z പ്ലസ്. സിആർപിഎഫ് ഉദ്യോഗസ്ഥർക്കൊപ്പം 55 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടും. 24 മണിക്കൂറും കേന്ദ്ര സേന ഗവർണർക്ക് സുരക്ഷയൊരുക്കും. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ എൻഎസ്ജി (ദേശീയ സുരക്ഷാ ഗാർഡ്) കമാൻഡോകളും സുരക്ഷാ സംഘത്തിൽ ഉൾപ്പെടും. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും. 45 പേർക്കാണ് നിലവിൽ രാജ്യത്ത് z പ്ലസ് സുരക്ഷാ സംവിധാനമുള്ളത്. നിലവിൽ ഗവർണർമാരിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് മാത്രമാണ് z പ്ലസ് സുരക്ഷയുള്ളത്.
സിആർപിഎഫ് സുരക്ഷ ഏറ്റെടുക്കുന്നതോടെ ഇതുവരെയുള്ള സുരക്ഷാ പ്രോട്ടോകോളിലെല്ലാം മാറ്റങ്ങൾ വരും.ഡൽഹിയിലെ കേരളാ ഹൗസിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരും. നിലവിൽ കേരള പോലീസിനാണ് ഗവർണറുടെ സുരക്ഷാ ചുമതല. ആഭ്യന്തര വകുപ്പിന്റെ പരാജയമുൾപ്പെടെ എടുത്ത് കാട്ടുന്നതാണ് നിലവിലെ സ്ഥിതി.