പട്‌ന: ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യം തകർന്നതിന്റെ പശ്ചാത്തലത്തിൽ ഇൻഡി മുന്നണിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. പ്രതിപക്ഷ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും അശാസ്ത്രീയമായ മുന്നണിയാണെന്നും നദ്ദ അഭിപ്രായപ്പെട്ടു. ഒരു കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊള്ളുന്നതാണ് ഇൻഡി മുന്നണി. അവർ അഴിമതിക്ക് കവചമൊരുക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. ബിഹാറിൽ പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡി മുന്നണി അശാസ്ത്രീയമായ കൂട്ടുകെട്ടാണെന്നും അത് പ്രായോഗികമല്ലെന്നും ബിജെപി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എത്രയെത്ര ജോഡോ യാത്രകൾ നടത്തിയാലും ആശയപരമായി പരാജയപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ സഖ്യം. ഒരു കുടുംബത്തെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കാൻ രൂപീകരിച്ച കൂട്ടായ്മയാണ് ഇൻഡി സഖ്യം. പ്രീണനം നടത്തുന്ന അഴിമതി വീരരാണ് സഖ്യത്തിലുള്ളതെന്നും നദ്ദ ചൂണ്ടിക്കാട്ടി.
എൻഡിഎയിലേക്ക് നിതീഷ് കുമാർ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജെഡിയുവിന്റെ സ്വാഭാവിക സഖ്യമാണ് എൻഡിഎ എന്നും അഭിപ്രായപ്പെട്ടു. ബിഹാറിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോഴെല്ലാം സുസ്ഥിരമായ വികസന പ്രവർത്തനങ്ങൾ സംഭവിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ എൻഡിഎ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തൂത്തുവാരുമെന്നും 2025ൽ എൻഡിഎ തന്നെ ബിഹാറിൽ അധികാരത്തിലെത്തുമെന്നും നദ്ദ പറഞ്ഞു.















