തിരുവനന്തപുരം: ഭരണഘടന അവകാശമായ ഇ-ഗ്രാൻ്റ്സ് വർഷങ്ങളായി മുടങ്ങി കിടക്കുന്നതിൽ പിണറായി സർക്കാരിനെ വിമർശിച്ച് എബിവിപി. സംസ്ഥാനത്ത് യുജി/പിജി, മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്ന പട്ടിവർഗ്ഗ, പട്ടികജാതി വിദ്യാർത്ഥികൾക്ക് വർഷങ്ങളായി ഇ-ഗ്രാൻ്റസ് നൽകാത്ത സർക്കാർ നിലപാട് കണ്ണില്ലാത്ത ക്രൂരതയാണെന്ന് എബിവിപി ദേശീയ നിർവാഹക സമിതി അംഗം യദു കൃഷ്ണൻ പറഞ്ഞു. കൃത്യമായി ഗ്രാൻ്റ് ലഭിക്കാതെ വനവാസി വിദ്യാർത്ഥികൾ പഠനം പോലും ഉപേക്ഷിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠനം മതിയാക്കി തങ്ങളുടെ ഊരിലേക്ക് മടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഎസ്എസ്, യുഎസ്എസ് മുതൽ ഇ-ഗ്രാൻ്റ്സ് വരെ വിദ്യാർത്ഥികൾക്ക് അവകാശപെട്ട തുക അവർക്ക് നൽകാതെ കൊടിയ വഞ്ചനയാണ് സർക്കാർ ചെയ്യുന്നത്. ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്, പഠനത്തിനാവശ്യമായ മെറ്റീരിയൽസ് തുടങ്ങി പരീക്ഷ ഫീസ് പോലും കണ്ടെത്താൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. കടം പറഞ്ഞും സമയം നീട്ടി ആവശ്യപ്പെട്ടുമൊക്കെ മറ്റ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ അപഹാസ്യരായ് നിൽക്കണ്ട അവസ്ഥയാണ്. അധിക സമയങ്ങളിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ട് പോലും ആവശ്യത്തിനുള്ള പണം കണ്ടെത്താൻ സാധിക്കുന്നില്ല.
ഒരു വശത്ത് നവകേരള സദസും കേരളീയവും നടത്തി സർക്കാർ കോടിക്കൾ ധൂർത്തടിക്കുമ്പോഴാണ് നമ്മുടെ സമൂഹത്തിൽ തന്നെ സമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വനവാസി വിദ്യാർത്ഥികൾ ഇങ്ങനെ അവഗണിക്കപ്പെടുന്നത്. ഇടതുപക്ഷ സർക്കാരിന്റെ ദളിത് വിരുദ്ധ നിലപാടിന്റെ വലിയ ഉദാഹരണം കൂടിയാണിത്. ദളിത് സ്നേഹത്തിന്റെ കപട മുഖംമൂടിയണിഞ്ഞ് സിപിഎം വനവാസികളെ പറ്റിക്കുകയാണ്.
പിന്നാക്ക സാഹചര്യങ്ങളിൽ നിന്നും വളരെ ബുദ്ധിമുട്ടിയാണ് ഓരോ വനവാസി വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നത്. എന്നാൽ അവിടെയും അവരെ പിൻതള്ളാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കാൻ എബിവിപി മുന്നിലുണ്ടാവുമെന്നും യദു കൃഷ്ണൻ വ്യക്തമാക്കി.