മുംബൈ: ഭാര്യയിൽ നിന്നും മുൻ വിവാഹങ്ങൾ മറച്ചുവച്ചതിനെ തുടർന്ന് വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ കോടതി. മുൻപ് നടത്തിയ നാല് വിവാഹങ്ങളാണ് ഇയാൾ യുവതിയിൽ നിന്നും മറച്ചുവച്ചത്. ഇത് കണ്ടെത്തിയ യുവതി പ്രതിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പരാതി നൽകുകയായിരുന്നു.
മാട്രിമോണിയൽ സൈറ്റ് വഴിയാണ് യുവതി പ്രതിയുമായി അടുത്തത്. ഇയാളുടെ പ്രൊഫൈൽ കണ്ടാണ് വിവാഹം കഴിച്ചതെന്നും അതിൽ മുമ്പ് വിവാഹം കഴിച്ച വിവരം മറച്ചുവച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. 2022-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവ് നിരന്തരം സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ഏഴ് ലക്ഷം രൂപ കൊടുത്തതായും പരാതിയിൽ പറയുന്നു. കൂടാതെ 32 ലക്ഷം രൂപയുടെ ആഭരണങ്ങളും പ്രതി കൈക്കലാക്കി പണയം വെച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
ഡിസംബറിലാണ് പ്രതിക്ക് മറ്റൊരു ഭാര്യയുള്ളതായി യുവതി അറിയുന്നത്. തുടർന്ന് മാതാപിതാക്കളോടൊപ്പം യുവതി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതി നാല് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നുള്ള വിവരവും യുവതി മനസിലാക്കിയത്. ഇതിന് പിന്നാലെയാണ് യുവതി പ്രതിയ്ക്കെതിരെ റായ്ഗഡിലെ രസായനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ ക്രിമിനൽ വിശ്വാസലംഘനം, വഞ്ചന, ദ്വിഭാര്യത്വം, ക്രൂരത, ക്രിമിനൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.