ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് മധുരം നൽകി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ബജറ്റ് അവതരണത്തിനായി പാർലമെന്റിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴാണ് രാഷ്ട്രപതി ആശംസകൾ അറിയിച്ചത്. നിർമ്മലാ സീതാരാമന്റെ തുടർച്ചയായ ആറാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്.
സമ്പൂർണ ബജറ്റുമായി ജൂലായിൽ കാണാമെന്ന പ്രതീക്ഷ 17-ാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഇത് ഉൾപ്പെട്ടിരുന്നു. രാജ്യത്തെ അടുത്ത 5 വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനത്തിന് വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കാം.
രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമായി. ദേശീയ താത്പര്യങ്ങളിലൂന്നിയ നിർണായക കാര്യങ്ങൾ നടന്നത് കഴിഞ്ഞ ദശകത്തിലാണ്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്യൽ, മുത്തലാഖ് നിരോധനം തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രപതി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ, മദ്ധ്യവർഗ്ഗം എന്നിവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടേക്കും. സർക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കാം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, പുതിയ വിദ്യാഭ്യാസ നയം എന്നിവ മുന്നിൽക്കണ്ടുള്ള തീരുമാനങ്ങളും ബജറ്റിൽ ഉണ്ടായേക്കാം.