90,000 വർഷം പഴക്കമുള്ള പുരാതന മനുഷ്യ കാൽപ്പാടുകൾ കണ്ടെത്തി. മൊറോക്കോയിലെ ശാസ്ത്രജ്ഞരാണ് ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൽനടപ്പാത കണ്ടെത്തിയത്. 2022-ൽ വടക്കേ ആഫ്രിക്കയുടെ വടക്കേയറ്റത്തെ കടൽത്തീരത്താണ് പുരാതന കാൽപ്പാടുകൾ കണ്ടെത്തിയത്.
വേലിയേറ്റ സമയത്തായിരുന്നു ശാസ്ത്രജ്ഞർ കടലിൽ പര്യവേക്ഷണത്തിനിറങ്ങിയത്. കാൽപ്പാടിന് സമാനമായ പ്രിന്റാണ് ആദ്യം സംഘം കണ്ടെത്തിയത്. ആദ്യം കാൽപ്പാടാണെന്ന് ബോധ്യപ്പെട്ടില്ല, പിന്നീട് കൂടുതൽ കാൽപ്പാടുകൾ കണ്ടെത്തി, തുടർന്നാണ് കാൽനടപ്പാതയാണെന്ന് ബോധ്യപ്പെട്ടതെന്ന് സംഘത്തിലെ ശാസ്ത്രജ്ഞനായ മൗൺസെഫ് സെദ്രാറ്റി പറഞ്ഞു.
പ്രത്യേക പുരാവസ്തുക്കളോ ധാതുക്കളോ സൂര്യപ്രകാശമായോ ചൂടുമായോ സമ്പർക്കം പുലർത്തുമ്പോൾ പഴക്കം നിർണ്ണയിക്കാൻ സഹായിക്കുന്ന സാങ്കേതിവിദ്യയായ ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലുമിനസെൻസ് ഡേറ്റിംഗ് ആണ് സംഘം ഉപയോഗിച്ചത്. അവസാനത്തെ ഹിമയുഗമെന്ന് പറയപ്പെടുന്ന പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകളാണെന്ന് കണ്ടെത്തുകയായിരുന്നു.
വടക്കേ ആഫ്രിക്കയിലും തെക്കൻ മെഡിറ്ററേനിയനിലും കണ്ടെത്തിയിട്ടുള്ള ട്രാക്ക് വേകളിൽ ഇതുവരെ 85 മനുഷ്യ കാൽപ്പാടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യകാല ആധുനിക മനുഷ്യരുടെ അഞ്ച് തലമുറകളുടെ കാൽപ്പാടുകൾ വരെ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.