ഹൈദരാബാദ്: വീടിനുള്ളിൽ പിതാവിനൊപ്പം കിടന്നുറങ്ങിയ ഒരു വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ബുധനാഴ്ച രാത്രി 1.30 നായിരുന്നു സംഭവം. തെലങ്കാനയിലെ ഷെംഷാബാദ് സ്വദേശിയായ കെ സൂര്യകുമാറിന്റെ മകൻ കെ നാഗരാജുവാണ് കൊല്ലപ്പെട്ടത്. പിതാവുമായി താമസിക്കുന്ന കുടിലിനുള്ളിൽ കയറിയാണ് നായ്ക്കൾ കുട്ടിയെ കടിച്ചുകൊന്നത്.
കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി പുറത്തേക്ക് കൊണ്ടുവരുന്ന ശബ്ദം കേട്ട് അയൽവാസികൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന്, നാട്ടുകാർ കല്ലെറിഞ്ഞ് നായ്ക്കളെ ഓടിക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിനെ തെരുവ് നായ്ക്കൾ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത് പിതാവ് സൂര്യകുമാർ അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മയും വീട്ടിലില്ലായിരുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.