നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 23-ാമത് ഗുരുദേവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 4.30ന് പ്രമുഖ മോട്ടിവേഷൻ ട്രെയിനറും ഗുരുധർമ്മ പ്രചാരകനുമായ ബിബിൻ ഷാൻ പ്രഭാഷണം നടത്തും ‘ആരാധ്യൻ അതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഉച്ചക്ക് 2 മുതൽ 4.30 വരെ സമിതി യൂണിറ്റികളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും.
രാവിലെ സ്വാമി ഗുരുപ്രസാദ് ധർമ്മ പതാക ഉയർത്തിയതോടെ തീർത്ഥാടന മഹോത്സവത്തിന് തുടക്കമായി. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വി.ജി. പ്രേം എന്നിവർ സന്നിഹിതരായിരുന്നു. ശനിയാഴ്ച നടക്കുന്ന പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷിലൻ, രതീഷ്, അമൽരാജ്, ഉണ്ണി എന്നിവർ കാർമികത്വം വഹിക്കും. ശിവഗിരി മഠം പ്രതിനിധി സ്വാമി ഗുരുപ്രസാദ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും. കേരളത്തിൽ നിന്നും വിദേശങ്ങളിൽ നിന്നും വിശ്വാസികൾ മഹോത്സവത്തിൽ പങ്കെടുക്കാനായി ഗുരുദേവഗിരിയിൽ എത്തിച്ചേർന്നു. മഹാരാഷ്‌ട്രയിൽ നിന്നുള്ളവർ തീർത്ഥാടന പദയാത്രയിലും സമ്മേളനത്തിലും പങ്കെടുക്കും.















