എറണാകുളം: റോബോട്ടിക് ആനയെ നടത്തിയിരുത്താനുള്ള തയാറെടുപ്പിൽ കേരള-തമിഴ്നാട് അതിർത്തി ഗ്രാമം. ഗൂഡല്ലൂരിലെ ശ്രീ ശങ്കരൻ കോവിലിലാണ് റോബോട്ടിക് ആനയെ നടയിരുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ നടക്കുന്നത്. നാളെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. ശ്രീ ശിവശങ്കര ഹരിഹരൻ എന്ന റോബോട്ടിക് ആനയെ നടയിരുത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
മുമ്പ് തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇരിഞ്ഞാടപ്പിള്ളി രാമൻ എന്ന റോബോട്ടിക് ആനയെ നടയിരുത്തിയിട്ടുണ്ട്.വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റി എന്ന സംഘടനയാണ് ശ്രീ ശങ്കരൻ കോവിലിന് റോബോട്ടിക് ആനയെ സമർപ്പിക്കുന്നത്.വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ മലയാളികളാണ് കോവിലിന് നേതൃത്വം നൽകുന്നത്. മുമ്പ് ജീവനുള്ള ആനകളെ ഉപയോഗിച്ച് ഉത്സവം നടത്തിയിരുന്നു. വനമേഖലയായതിനാൽ ആനകളെ എത്തിക്കുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. കൂടാതെ ആനകൾക്കും മനുഷ്യർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് റോബോട്ടിക് ആനയെ ഉപയോഗിക്കുന്നതെന്ന് ക്ഷേത്രം ട്രഷർ അഡ്വ.സുധീഷ് കുമാർ പറഞ്ഞു.
പത്തടി ഉയരത്തിലാണ് കൊമ്പനെ നിർമ്മിച്ചിരിക്കുന്നത്.ഒമ്പത് ലക്ഷത്തോളം രൂപ ചിലവിലാണ് നിർമ്മാണം. ഏകദേശം 10 മാസമെടുത്താണ് ചാലക്കുടിയിലെ സ്ഥാപനം ആനയെ നിർമ്മിച്ചത്. ചെവിയും തലയും ആട്ടി യഥാർത്ഥ ആനയുടെ പ്രതീതി നൽകുന്ന തരത്തിലാണ് കൊമ്പൻ.