തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അപമാനിച്ചെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തുറന്നുപറച്ചിലിനെതിരെ അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ. പൈസ വാങ്ങാതെ താൻ അനേകം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്ന ചുള്ളിക്കാടിന്റെ കുറിപ്പിന് മറുപടിയായിട്ടായിരുന്നു സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ വിമർശനമായതോടെ പിന്നീട് പിൻവലിക്കുകയും ചെയ്തു.
പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിൽ പരാതി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സച്ചിദാനന്ദൻ കുറിച്ചിരുന്നു. സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെട്ട പരാതികൾ എല്ലാം തന്നെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കണക്ക് പറയാൻ അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചുള്ളിക്കാടിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് പിന്നീട് സച്ചിദാനന്ദൻ പിൻവലിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിൽ തനിക്ക് വെറും 2400 രൂപ തന്ന് അപമാനിച്ചെന്ന കാര്യം ബാലചന്ദ്രൻ ചുള്ളിക്കാട് വെളിപ്പെടുത്തിയത്. ജനുവരി 30ന് കേരളസാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാൻ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. കൃത്യസമയത്ത് സ്ഥലത്തെത്തുകയും വിഷയത്തെ കുറിച്ച് രണ്ട് മണിക്കൂറിലധികം സംസാരിക്കുകയും ചെയ്ത തനിക്ക് ഗതാഗതച്ചെലവിന് പോലും തികയാത്ത പണമായിരുന്നു നൽകിയതെന്ന് എഴുത്തുകാരൻ വേദനയോടെ പങ്കുവച്ചിരുന്നു.















