മലപ്പുറം: വേങ്ങരയിൽ എംഡിഎംഎയുമായി ടിപ്പർ ലോറി ഡ്രൈവർ അറസ്റ്റിൽ. കണ്ണമംഗലം സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇയാളിൽ നിന്നും 30,000-രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെടുത്തു. ക്വാറികൾ കേന്ദ്രീകരിച്ച് ലോറി ഡ്രൈവർമാർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്ന് പോലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് ചെരുപ്പടിമലയിൽ നിന്നാണ് റാഫിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെരുപ്പടിമല, മിനി ഊട്ടി എന്നിവിടങ്ങളിലെ വിനോദ സഞ്ചാര മേഖലകൾ കേന്ദ്രീകരിച്ചും പ്രതി വിൽപ്പന നടത്തിയിരുന്നു.
ചോദ്യം ചെയ്യലിൽ സംഘത്തിൽ ഉൾപ്പെടെ കൂടുതൽ ആളുകളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിൽ ഉൾപ്പെട്ടവരെന്ന് കരുതുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.















