തിരുവനന്തപുരം: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തക കൂടിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി, പണം തട്ടുകയും ചെയ്തിരുന്നു. സംഭവത്തിൽ പടിഞ്ഞാറേകല്ലട കോയിക്കൽ ഭാഗം സ്വദേശി വിശാഖ് കല്ലടയാണ് അറസ്റ്റിലായത്. ഇയാൾ സിപിഎം അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ്.
കൊല്ലം ശൂരനാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. വഞ്ചന, പട്ടികജാതി പീഡനം, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി വിശാഖിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മാതൃകം എന്ന പാർട്ടി പരിപാടിയിലൂടെയായിരുന്നു യുവതിയുമായി വിശാഖ് പരിചയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയിൽ നിന്ന് ഒമ്പത് ലക്ഷം രൂപ വരെ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് പാർട്ടി പ്രവർത്തകർ ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പോലീസിന് നൽകിയ പരാതിയിൽ നിന്ന് പിന്മാറാൻ യുവതി വിസമ്മതിക്കുകയായിരുന്നു.