1959ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഭാരതീയരെ മടിയന്മാരെന്ന് നെഹ്റു വിളിച്ചിരുന്നോ? കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനിടെയായിരുന്നു നെഹ്റുവിന്റെ ചെങ്കോട്ട പ്രസംഗത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനം അദ്ദേഹം നടത്തിയത്. സംസ്കാരത്തെ ഇല്ലാതാക്കുകയെന്നായിരുന്നു കോൺഗ്രസിന്റെ നയമെന്നും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു, ഭാരതീയരുടെ നൈപുണ്യത്തെ വിലകുറച്ച് കണ്ടുവെന്നുമായിരുന്നു നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്.
രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നന്ദിപ്രമേയ ചർച്ചയ്‌ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ലോകത്തെ മറ്റ് ജനതകളുമായി ഭാരതീയരെ താരതമ്യം ചെയ്യുകയും വിദേശീയരുടെ കഴിവും മനോഭാവവും ഇന്ത്യക്കാർ കണ്ടുഠിക്കണമെന്നും പറയുന്ന നെഹ്റുവിന്റെ പഴയ പ്രസംഗത്തെ നരേന്ദ്രമോദി നിശിതമായി വിമർശിച്ചു. ഭാരതീയർ മടിയുള്ളവരും ബുദ്ധി കുറഞ്ഞവരുമാണെന്നായിരുന്നു നെഹ്റുവിന്റെയും കോൺഗ്രസിന്റെയും കാഴ്ചപ്പാടെന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
1959ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ എന്തായിരുന്നു നെഹ്റു പറഞ്ഞത്? നോക്കാം..
“ഭാരതത്തിൽ, കഠിനാധ്വാനം ചെയ്യുന്ന ശീലമില്ല. ഇത് നമ്മുടെ കുറ്റമല്ല, ചില സാഹചര്യങ്ങളിൽ അത്തരം ശീലങ്ങളും രീതികളും സ്വാഭാവികമായി ഉടലെടുക്കുന്നതാണ്. വസ്തുത ഇതാണ്.. യൂറോപ്യൻസ്, ജപ്പാനീസ്, ചൈനീസ്, റഷ്യൻസ്, അമേരിക്കൻസ് എന്നിവരെപ്പോലെ ഭാരതീയർ കഠിനാധ്വാനം ചെയ്യുന്നില്ല. എന്തെങ്കിലും മാന്ത്രികത ഉപയോഗിച്ച് വികസിതമായതാണ് ആ രാജ്യങ്ങളെന്ന് നിങ്ങൾ കരുതരുത്. അവർ കഠിനാധ്വാനം കൊണ്ടും ബുദ്ധി കൊണ്ടുമാണ് വികസിത രാജ്യങ്ങളായി മാറിയത്. ” 1959ലെ സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ അഭിസംബോധന ചെയ്യവെ ചെങ്കോട്ടയിൽ നിന്ന് ജവഹർലാൽ നെഹ്റു ഇപ്രകാരം പറഞ്ഞു.
ഭാരതീയർ മടിയന്മാരാണെന്ന തരത്തിലുള്ള നെഹ്റുവിന്റെ കാഴ്ചപ്പാട് തന്നെയാണ് പിന്നീടുവന്ന പ്രധാനമന്ത്രി ഇന്ദിരയ്‌ക്ക് ഉണ്ടായതെന്നും ലോക്സഭയിൽ വച്ച് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്ക് അലംഭാവമാണെന്നും പരാജിതരാണെന്ന മനോഭാവമാണെന്നുമായിരുന്നു 1974ൽ ഇന്ദിര പറഞ്ഞത്. “എന്തെങ്കിലുമൊരു ജോലി ചെയ്തുകഴിഞ്ഞാൽ നമുക്ക് അലംഭാവമുണ്ടാവുകയെന്നത് നമ്മുടെ ശീലമായി മാറിയിരിക്കുകയാണ്. എന്തെങ്കിലുമൊരു പ്രതിസന്ധി വന്നാൽ അപ്പോഴേക്കും നമ്മുടെ സകല പ്രതീക്ഷകളും നഷ്ടപ്പെടും. ഈ രാജ്യത്തിന് മുഴുവൻ ഒരു പരാജിത മനോഭാവമുണ്ട്. പ്രതീക്ഷകളില്ലാതെ ഇതുപോലെ മുന്നോട്ട് പോയാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല.” ഇതായിരുന്നു ഇന്ദിരയുടെ വാക്കുകൾ.
വലിയ ഭരണാധികാരികളാണ് തങ്ങളെന്നും ഈ നാട്ടിലെ ജനങ്ങൾ തങ്ങളേക്കാൾ കുറഞ്ഞവരാണെന്നുമായിരുന്നു നെഹ്റുവും ഇന്ദിരയുമൊക്കെ ധരിച്ചുവച്ചിരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പറഞ്ഞു. ഭാരതീയരുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കാതിരുന്ന കോൺഗ്രസിന്റെ മനോഭാവത്തെ അതിരൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയാണ് നരേന്ദ്രമോദി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.