”ഭാരതരത്‌നയുടെ മഹത്വം ഇപ്പോൾ പലമടങ്ങ് വർദ്ധിച്ചു; ദേശീയതയും ആദർശവാദവുമാണ് പുരസ്‌കാരത്തിന് മാനദണ്ഡമായത്”; സന്തോഷം പങ്കുവച്ച് ജഗ്ദീപ് ധൻകർ

Published by
Janam Web Desk

ന്യൂഡൽഹി: പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഡോ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന സമ്മാനിച്ചതിൽ സന്തോഷം പങ്കുവച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ഭാരതരത്‌ന എന്ന പുരസ്‌കാരത്തിന്റെ മഹത്വം ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതമണ്ണിന് അഭിമാനമായ നാല് രത്‌നങ്ങൾക്കാണ് പുരസ്‌കാരം ഇക്കുറി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

” ചൗധരി ചരൺ സിംഗ്, ഡോ.എം എസ് സ്വാമിനാഥൻ, കർപ്പൂരി ഠാക്കൂർ, പി വി നരസിംഹ റാവു ഇവരെല്ലാം ഭാരതമണ്ണിന് അഭിമാനമായ നാല് രത്‌നങ്ങളാണ്. ഈ പുരസ്‌കാരം ഇവർക്ക് നേരത്തെ ലഭിക്കുമായിരുന്നു. കേന്ദ്രസർക്കാർ ഈ മഹത് വ്യക്തികൾക്ക് ഭാരതരത്‌ന നൽകിയതിലൂടെ പുരസ്‌കാരത്തിന്റെ കീർത്തിയും യശ്ശസ്സും വർദ്ധിച്ചിരിക്കുകയാണ്. ഭാരതരത്‌നയുടെ മഹത്വം പലകുറി വർദ്ധിച്ചിരിക്കുകയാണ്. ദേശീയതയും ആദർശവും ഉൾക്കൊള്ളുന്ന രീതിയിൽ ഈ സർക്കാർ അവാർഡുകൾ നൽകിയത് സന്തോഷം നൽകുന്ന കാര്യമാണ്.

രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയവരാണ് ഈ ഘട്ടത്തിൽ ആദരിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഇത് മനസിൽ സൂക്ഷിക്കുന്നു. കാരണം പുരസ്‌കാരം നൽകുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വന്നിരിക്കുകയാണ്. ദേശീയതാത്പര്യങ്ങളും ആദർശങ്ങളുമെല്ലാം ഇവിടെ പരിഗണിക്കപ്പെടുന്നു. കർഷകർക്കും സാമൂഹിക സേവനത്തിനുമായി ജീവിതം നീക്കിവയ്‌ക്കുന്നവർക്ക് ഈ മാറ്റങ്ങൾ പ്രചോദനമാണ്. ബിജെപിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ പത്മ പുരസ്‌കാരങ്ങളെ ജനങ്ങളുടെ പത്മ ആക്കി മാറ്റാനാണ് ശ്രമിച്ചിട്ടുള്ളത്.

താഴേത്തട്ടിൽ നിന്നുള്ള യഥാർത്ഥ നായകന്മാരെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. അവാർഡുകൾ ഇന്ന് ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ചരൺ സിംഗിന് ഭാരതരത്ന പുരസ്‌കാരം നൽകിയത് ഓരോ കർഷകനോടുമുള്ള ബഹുമതിയായിട്ടാണ്. മുൻ പ്രധാനമന്ത്രി നരസിംഹ റാവു ഒരു രാഷ്‌ട്രതന്ത്രജ്ഞനാണ്. ഭക്ഷ്യധാന്യ ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇന്ത്യയ്‌ക്ക് വലിയ സംഭാവന നൽകിയിട്ടുള്ള വ്യക്തിയാണ് ഡോ. എം.എസ്.സ്വാമിനാഥനെന്നും” അദ്ദേഹം അനുസ്മരിച്ചു.

Share
Leave a Comment