നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 370 ന്റെ ഒഫീഷ്യൽ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ വൻ തരംഗം. പുറത്തിറങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോൾ ഒരുകോടിയിലധികം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്. കശ്മീർ വിഘടനവാദത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയും തുടർ സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി രഹസ്യമായി താഴ്വരയിൽ പ്രവർത്തിച്ച സുരക്ഷാസേനയിലെ പ്രത്യേക ടീമിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങൾ കൂട്ടിയിണക്കിക്കൊണ്ടുള്ള ചിത്രത്തിൽ യാമിഗൗതമും പ്രിയാ മണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാമായണം ടെലി സീരിയലിൽ ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിൽ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായി എത്തുന്നു.
‘ഉറി ദ സർജിക്കല് സ്‌ട്രൈക്ക്’ സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് ശാശ്വത് സച്‌ദേവാണ് സംഗീതം നൽകുന്നത്. ജ്യോതി ദേശ്പാണ്ഡെയ്‌ക്കൊപ്പം ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ മാസം 23 ന് സിനിമ തീയറ്ററുകളിലെത്തും.