വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി ആന മഖ്നയെ മയക്കുവെടി വെക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ആനയെ പിടിച്ച ശേഷം മുത്തങ്ങയിൽ എത്തിക്കുകയും നിരീക്ഷണത്തിൽ വച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കും. നിലവിൽ ആനയുള്ളത് ഉൾവനത്തിലാണ്. ആനയെ പിടികൂടിയ ശേഷം നിരീക്ഷണത്തിൽ വയ്ക്കും. ശേഷം ആനയുടെ ആരോഗ്യ സ്ഥിതിയടക്കം പരിശോധിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. നിരീക്ഷണത്തിന് ശേഷം ആനപരിപാലന കേന്ദ്രത്തിലേക്കോ തിരികെ വനത്തിലേക്കോ തുറന്നുവിടും. തണ്ണീർക്കൊമ്പന്റെ സംഭവം പുതിയൊരു പാഠമാണ് നൽകിയതെന്നും തണ്ണീർ കൊമ്പന്റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാകും ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ അധികൃതർക്ക് ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. അതിനാലാണ് മറ്റ് നടപടികളിലേക്ക് കടക്കാൻ അധികമായി സമയം വേണ്ടി വന്നത്. അതേസമയം ആന പടമലയിൽ നിന്നും നീങ്ങിയതായാണ് വിവരം. കാട്ടിക്കുളം ചേലൂർ ഭാഗത്തായാണ് നിലവിൽ ആനയുള്ളതെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ സഞ്ചാരപാത പരിശോധിച്ച് വരികയാണ്.