ലോകത്ത് എണ്ണിത്തീരാത്ത അത്രയും സസ്യങ്ങളുണ്ട്. ഇന്നും കണ്ടെത്താൻ കഴിയാത്ത ഒരുപാട് ചെടികൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വളരുന്നുണ്ട്. കണ്ടെത്തിയവയിൽ മനുഷ്യന് നല്ലതും ദോഷകരവുമായ നിരവധി ഇനങ്ങളുണ്ട്. അത്തരത്തിൽ വിഷമുള്ള സസ്യങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനക്കാരിൽ ഒരു സസ്യമാണ് ഡെൻഡ്രോക്നൈഡ് മൊറോയ്ഡുകൾ എന്ന ജിംപി-ജിംപി സസ്യം. കുത്തുന്ന സസ്യം, ആത്മഹത്യാ സസ്യം എന്നിങ്ങനെയും ഇവയെ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നു. ഓസ്‌ട്രേലിയയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
മലേഷ്യയിലെയും ഓസ്‌ട്രേലിയയിലെയും മഴക്കാടുകളിൽ വളരുന്ന ഈ സസ്യങ്ങൾ അത്യന്തം വേദനാജനകവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ കുത്തുകൾക്ക് പേരുകേട്ടവയാണ്. ജിംപി-ജിംപി എന്ന പൊതുനാമം തെക്ക്-കിഴക്കൻ ക്വീൻസ്‌ലാൻ്റിലെ തദ്ദേശീയരായ ഗുബ്ബി ഗുബ്ബി ജനതയുടെ ഭാഷയിൽ നിന്നാണ് വന്നത്. ഒരു ചിലന്തിയുടെ കടിക്ക് തുല്യമായ വേദനയാണ് ഈ സസ്യത്തിന്റെ കുത്ത് കൊണ്ടു കഴിഞ്ഞാൽ ഉണ്ടാവുന്നത്. കോൺ ഒച്ചിന് സമാനമായ ഒരു ന്യൂറോടോക്സിനും ഈ സസ്യം ഉത്പാദിപ്പിക്കുന്നു. സ്പർശനത്തിലൂടെ വിഷം തീണ്ടുന്ന സസ്യങ്ങളിൽ പേരു കേട്ടതാണ് ജിംപി-ജിംപി.
ജിംപി-ജിംപിയുടെ ഇലകളിൽ സൂചി പോലുള്ള നേർത്ത നാരുകൾ കാണാം. ഇതാണ് ശരീരത്തിൽ കുത്തി കയറുന്നത്. തുടർന്ന് ഞരമ്പുകളിൽ ഇവയുടെ മുള്ളുകളിൽ നിന്നുള്ള വിഷം കയറുകയും അധികം വൈകാതെ തന്നെ കടുത്ത വേദന അനുഭവിക്കുകയും ചെയ്യുന്നു. കുത്തേൽക്കുന്നവർ വേദന സഹിക്കാൻ കഴിയാതെ ആത്മഹത്യ വരെ ചെയ്തേക്കും എന്നതിനാലാണ് ജിംപി-ജിംപിയെ ആത്മഹത്യാ സസ്യം എന്ന് പോലും വിളിക്കുന്നത്.
3 മുതൽ 15 അടി വരെ ഉയരത്തിൽ ഈ ചെടി വളരും. ഇതിൽ നിറയെ ന്യൂറോടോക്സിൻ വിഷം അടങ്ങിയിട്ടുണ്ട്. നാഡീവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു ഇതിന്റെ വിഷം. മുള്ളുകൊണ്ട് കുത്തേറ്റതിന് ശേഷം, 30 മിനിറ്റിനുള്ളിൽ വേദന അതിവേഗം വർദ്ധിക്കും. നേരത്തെ ചികിത്സ ലഭിച്ചാൽ വേദന കുറവുണ്ടാകും. ഈ സസ്യത്തിന്റെ കുത്തേറ്റ കുതിരകൾ വേദന സഹിക്കാൻ കഴിയാതെ കുന്നിന്റെ മുകളിൽ നിന്നും ചാടിയിട്ടുണ്ടെന്നും അല്ലെങ്കിൽ അക്രമാസക്തമായ കുതിരകളെ വെടിവച്ച് കൊല്ലേണ്ടി വന്നിട്ടുണ്ടെന്നും ചിലർ പറയുന്നു.















