മലപ്പുറം: അപകടത്തിൽപ്പെട്ട ലോറിയിൽ മോഷണം. ലോറിയിലുണ്ടായിരുന്ന ഏഴ് ടണ്ണോളം മാതളം മോഷണം പോയി. ഇന്ധന ടാങ്കിലെ ഡീസലും മുഴുവനായി ഊറ്റിയെടുത്തു. മലപ്പുറം നാടുകാണി ചുരത്തിലാണ് സംഭവം. ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വന്ന ലോറിയാണ് ശനിയാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്.
റോഡിന്റെ സുരക്ഷാ മതിലിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് മൈസൂരു സ്വദേശികളായ ജീവനക്കാര്‍ ചികിത്സ തേടിയ സമയത്താണ് മോഷണം നടന്നത്. നിലത്ത് വീണു കിടന്ന മാതളത്തിനു പുറമേ ലോറിക്കുള്ളിലുണ്ടായിരുന്ന മാതളവും മോഷ്ടിച്ചു.
ടാങ്കിലെ ഡീസലും ഊറ്റിയെടുത്തു. വാഹനത്തിന്റെ താക്കോലും നഷ്ടമായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് വഴിക്കടവ് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോറിയില്‍ മോഷണം നടന്നത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.