ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മൂന്ന് ഫോർമാറ്റിലേക്കും പുതിയ നായകനെ തിരഞ്ഞെടുത്തു. 25കാരനായ നജ്മുൾ ഹൊസൈൻ ഷാന്റോയെ ആണ് നായകനായി നിയമിച്ചത്. ഡയറക്ടർമാരുടെ മീറ്റിംഗിന് ശേഷമാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ നായകൻ ഗാസി അഷ്റഫ് ഹൊസൈൻ ആണ് പുതിയ മുഖ്യ സെലക്ടർ. മുൻ താരം ഹന്നാൻ സർക്കാരിനെ സെലക്ടറായും നിയമിച്ചിട്ടുണ്ട്.
ഷാക്കിബ് അൽ ഹസന്റെ അസാന്നിദ്ധ്യത്തിൽ ന്യൂസിലൻഡിനെതിരെയുള്ള എകദിന ടി20 പരമ്പരകളിൽ ടീമിനെ നയിച്ചത് ഷാന്റോ ആയിരുന്നു. ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ ഒരു ഏകദിനം വിജയിക്കാനും ടി20 പരമ്പരയിൽ ഒപ്പമെത്താനും ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു.
ഇതിന് മുൻപ് നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയും (1-1) സമനിലയിലാക്കി ചരിത്രം രചിക്കാൻ നായകൻ ഷാന്റോയ്‌ക്ക് കഴിഞ്ഞിരുന്നു. താരത്തിന്റെ നേതൃപാഠവം വലിയ പ്രതീക്ഷ നൽകുന്നതാണെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. മുഖ്യ പരിശീലകൻ ചൻഡിക ഹതുരുസിംഗെയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.