കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വിദ്യാർഥിനികളെ വളഞ്ഞിട്ടാക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. മുഖ്യപ്രതിയും സെക്‌സ് റാക്കറ്റ് കണ്ണിയുമായ പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ പി അക്‌ബർ അലി (29)യെയാണ് നോർത്ത് പൊലീസ് ചെർപ്പുളശ്ശേരിയിൽ നിന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം അഞ്ചുദിവസം കഴിഞ്ഞാണ് ഇയാളെ പിടിക്കുന്നത്.
കേസിൽ പ്രതികളായ യുവതികൾ ഉൾപ്പെടെയുള്ള ആറ് പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അക്‌ബർ അലിയ്‌ക്ക് അറിയാമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ന് കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് രണ്ട് സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘം വിദ്യാർഥിനികളെ ആക്രമിച്ചത്. നേരത്തെ പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവർ റിമാൻഡിലാണ്.















