വേഗത 5% കുറയക്കൂ, റോഡപകടങ്ങൾ 30% കുറയ്‌ക്കാം; 75 കിലോമീറ്റർ വേഗതയിൽ അപകട സാധ്യത 32 മടങ്ങ്; ലോകാരോഗ്യ സംഘടനയുടെ പഠനം

Published by
Janam Web Desk

നല്ല റോഡ് കാണുമ്പോൾ കാറിന്റെ ആക്‌സിലറേറ്റർ അൽപ്പം കൂടി ചവിട്ടുന്നത് മനുഷ്യ സഹജമാണ്. കുണ്ടും കുഴിയുമില്ലാത്ത റോഡുകളിൽ വാഹനമോടിക്കുന്നത് സന്തോഷവും ആവേശവും നൽകുന്ന കാര്യമാണ്. എന്നാൽ ചിലപ്പോൾ ഈ ആവേശം നിങ്ങൾക്ക് ഒരു ശിക്ഷയായി മാറിയേക്കാം.

വാഹനങ്ങളുടെ വേഗത 5 ശതമാനം കുറച്ചാൽ റോഡപകടങ്ങൾ 30 ശതമാനം കുറയ്‌ക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) പുതിയ പഠനം പറയുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷനും ബ്ലൂംബെർഗ് ഫിലാന്ത്രോപീസ് ഇനിഷ്യേറ്റീവ് ഫോർ ഗ്ലോബൽ റോഡ് സേഫ്റ്റിയും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിലണ് പുതിയ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.

പഠനമനുസരിച്ച് നഗരപ്രദേശങ്ങളിൽ വേഗപരിധി 50 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കണം. കാൽനടയാത്രക്കാരുടെ എണ്ണം കൂടുതലുള്ള സ്‌കൂളുകൾ, മാർക്കറ്റുകൾ അല്ലെങ്കിൽ പാർപ്പിട മേഖലകൾ എന്നിവയ്‌ക്ക് ചുറ്റും, വേഗത 30 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കണം.

വേഗത കൂടുന്നതിനനുസരിച്ച് അപകട സാധ്യതയും

അമിതവേഗത അപകടസാധ്യത ഇരട്ടിയാക്കുന്നു. 65 കിലോമീറ്റർ വേഗതയിൽ അപകട സാധ്യത നാല് മടങ്ങും, 70 കിലോമീറ്ററിൽ 10 മടങ്ങും, 75 കിലോമീറ്ററിൽ 32 മടങ്ങും വർധിക്കുന്നു. നഗരപ്രദേശങ്ങളിൽ വേഗത കൂടുന്നതിനനുസരിച്ച്, അപകട സാധ്യതയും വളരെ വേഗത്തിൽ വർധിക്കുന്നു.

ഹെൽമറ്റും സീറ്റ് ബെൽറ്റും അപകട സാധ്യത കുറയ്‌ക്കുന്നു

ശരിയായി ധരിച്ച ഹെൽമെറ്റിന് മരണ സാധ്യത 40 ശതമാനവും ഗുരുതരമായ പരിക്കുകൾ 70 ശതമാനവും കുറയ്‌ക്കാൻ കഴിയും. സീറ്റ് ബെൽറ്റിന്റെ കാര്യം പരിഗണിച്ചാൽ മുൻ സീറ്റ് ബെൽറ്റിന് 50 ശതമാനവും പിൻസീറ്റ ബെൽറ്റിന് 75 ശതമാനവും മരണ സാധ്യത കുറയ്‌ക്കാൻ കഴിയും.

അൽപം ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാനാകുമെന്നും പഠനത്തിൽ വ്യക്തമായി. ആളുകൾ ഹെൽമറ്റ് കൃത്യമായ രീതിയിൽ ധരിക്കാത്തത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Share
Leave a Comment