ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മനുഷ്യക്കടത്ത് സംഘത്തിലെ അംഗങ്ങളുടെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കി മോഹൻ യാദവ് സർക്കാർ. സെഹോർ ജില്ലയിലാണ് മനുഷ്യക്കടത്ത് സംഘത്തിലെ അംഗങ്ങളുടെ അനധികൃത കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ജില്ലയിലെ ഇച്ചവാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടപടി. ജില്ലയിലെ ബവാദിയ ഗ്രാമത്തിൽ താമസിക്കുന്ന ഷാരൂഖ് ഖാൻ എന്ന ആളാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായത്. ഇയാളുടെ കെട്ടിടങ്ങളാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്.
സർക്കാർ ഭൂമി കയ്യേറി ഷാരുഖ് ഖാൻ അനധികൃത നിർമ്മാണം നടത്തിയിരുന്നു. അനധികൃതമായി കെട്ടിയ കെട്ടിടങ്ങളെല്ലാമാണ് പൊളിച്ചതെന്ന് തഹസിൽദാർ മനോജ് ചൗധരി വ്യക്തമാക്കി. കുറ്റാരോപിതനായ പ്രതിയെ കോടതി ശിക്ഷിക്കുമെന്നും നടപടിയുടെ ഭാഗമായാണ് കയ്യേറ്റം നീക്കാൻ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 10-നാണ് ദുണ്ട്‌ലവ ഗ്രാമത്തിൽ നിന്ന് ഏഴ് വയസുകാരിയെ ചില അജ്ഞാതർ ബലമായി തട്ടിക്കൊണ്ടുപോയതായി ഇച്ചാവാർ പോലീസിന് വിവരം ലഭിച്ചത്. ഇതിനെത്തുടർന്ന് പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 363 (ശിക്ഷ) പ്രകാരം ഇച്ചാവാർ പോലീസ് കേസും എടുത്തിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ശിവപുരി ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഷാരുഖ് ഖാൻ ഉൾപ്പടെ ആകെ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.















