കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി, നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ ആവർത്തനമാണെന്ന് മുൻ തൃണമൂൽ എംപിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി. ഇടതു സർക്കാരിന്റെ കാലത്ത് നന്ദിഗ്രാമിൽ നടന്ന സംഭവങ്ങളുമായി സന്ദേശ്ഖാലിയിൽ സംഭവത്തിന് അസാധാരണ സാമ്യതയാണുള്ളത്. ടിഎംസിയും മുഖ്യമന്ത്രി മമത ബാനർജിയും ഇടതുപക്ഷം ചെയ്ത അതേ തെറ്റുകൾ തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്ക് തന്റെ പൗരന്മാരുടെ ദുരവസ്ഥയിൽ കുറച്ചെങ്കിലും ആശങ്കയുണ്ടായിരുന്നെങ്കിൽ അവർ സന്ദേശ്ഖാലി സന്ദർശിക്കുമായിരുന്നു. കുറഞ്ഞത് ഈ സമയത്ത് ദുരിതബാധിതരായ സ്ത്രീകൾക്കൊപ്പം നിൽക്കുകയെങ്കിലും ചെയ്യണം അല്ലെങ്കിൽ മമത സ്ഥാനം ഒഴിയണം. സന്ദേശ്ഖാലിയിൽ കേന്ദ്രം ഇടപെടണം. ക്രമസമാധാന തകർച്ചയുണ്ടെങ്കിൽ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് തോന്നിയാൽ മടിക്കരുത്. ഓരോ ജീവനും വിലപ്പെട്ടതാണ്. കേന്ദ്ര സർക്കാരിനോട് താൻ അപേക്ഷിക്കുന്നു. ഗുണ്ടകളുടെ കാരുണ്യത്തിൽ ജീവിക്കാൻ ബംഗാൾ ജനതയെ വിട്ടുനൽകാൻ സാധിക്കില്ലെന്നും ത്രിവേദി പറഞ്ഞു.
ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന്റെ തകർച്ചയ്‌ക്ക് കാരണമായ പ്രക്ഷോഭമാണ് നന്ദിഗ്രാമിലേത്. കെമിക്കൽ ഹബ്ബിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളായ സ്ത്രീകളായിരുന്നു പ്രക്ഷോഭം നയിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് നാട്ടുകാർക്ക് നേരെ പോലീസ് വെടിയുതിർക്കുകയും നിരവധിപ്പേർ മരണപ്പെടുകതയും സ്ത്രികൾക്ക് ലൈംഗീകാതിക്രമങ്ങളും അരങ്ങേറി. ഇതുമായാണ് സന്ദേശ്ഖാലി സംഭവത്തെ ത്രിവേദി ബന്ധിപ്പിച്ചത്.