ന്യൂഡൽഹി: ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 21 മുതൽ 22 വരെ അദ്ദേഹത്തിന്റെ സ്റ്റേറ്റ് വിസിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. 15 വർഷത്തിന് ശേഷമാണ് ഗ്രീസ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
2024-ൽ നടക്കുന്ന ഒമ്പതാമത് റെയ്‌സിന ഡയലോഗിൽ കിരിയാക്കോസ് മിത്സോട്ടാക്കിസ് മുഖ്യാതിഥിയാകും. തിരികെ മടങ്ങുന്നതിന് മുൻപ് അദ്ദേഹം മുംബൈയും സന്ദർശിക്കും. അദ്ദേഹത്തിന് രാഷ്‌ട്രപതി ഭവൻ ആചാരപരമായ സ്വീകരണം നൽകും. നരേന്ദ്രമോദിയും പ്രധാനമന്ത്രി മിത്സോതാകിസും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. പ്രധാനമന്ത്രി അദ്ദേഹത്തിന് ഉച്ചഭക്ഷണ വിരുന്നും നടത്തും. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധി സംഘവും പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെത്തും.
2023 ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി ഗ്രീസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം. ഇന്ത്യ -ഗ്രീസ് ബന്ധം ‘തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർന്നതായി അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. തന്റെ പര്യടനം ഇന്ത്യ- ഗ്രീസ് സൗഹൃദത്തിനും പ്രത്യേകിച്ച് ജനങ്ങൾക്കിടയിലുള്ള സൗഹൃദത്തിനും ആക്കം കൂട്ടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ ഗ്രീസിനെ ഇൻ്റർനാഷണൽ സോളാർ അലയൻസിലേക്ക് സ്വാഗതം ചെയ്തിരുന്നു.
2008 ജനുവരിയിലായിരുന്നു ഇന്ത്യയിലേക്കുള്ള ഗ്രീസ് പ്രധാനമന്ത്രിയുടെ അവസാന സന്ദർശനം. അന്നത്തെ ഗ്രീക്ക് പ്രധാനമന്ത്രി കോസ്റ്റാസ് കരമാൻലിസും വിദേശകാര്യ മന്ത്രി ഡോറ ബക്കോയാനിസുമാണ് ഇന്ത്യ സന്ദർശിച്ചത്.















