തൃശൂർ: യുവ സംവിധായകനെ ആക്രമിച്ച് പണം കവർന്നതായി പരാതി. മുപ്ലിയം സ്വദേശി ലിജീഷിന് നേരെയാണ് ആക്രമണം നടന്നത്. എം.ഒ റോഡിലെ തട്ടുകടക്ക് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ലിജീഷ്. ഇതിനിടെ രണ്ട് പേർ ചേർന്ന് ലിജീഷിനെ അക്രമിച്ച് പണം തട്ടുകയായിരുന്നു.
ലിജീഷിന്റെ കഴുത്തിന് പിന്നിലായി ബ്ലേഡ്‌കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം പോക്കറ്റിലുണ്ടായിരുന്ന 100 രൂപ ബലമായി പ്രതികൾ തട്ടിയെടുത്തു. സംഭവത്തിൽ ചങ്ങനാശ്ശേരി സ്വദേശി ഷിജു, മുതുവറ സ്വദേശി ലിജോ മോൻ എന്നിവരെ പോലീസ് പിടികൂടി. പരിക്കേറ്റ സംവിധായകൻ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.















