കോഴിക്കോട്: ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. ഇന്നലെ നടന്ന പ്ലസ്ടും ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് പരീക്ഷയ്‌ക്ക് മുൻപേ കുട്ടികൾക്ക് ലഭിച്ചത്. കോഴിക്കോട് വടകരയിലാണ് സംഭവം.
ഒന്നിലേറെ സ്കൂളിലെ കുട്ടികൾക്ക് വാട്സ്ആപ്പ് വഴി മുൻകൂട്ടി ചോദ്യപേപ്പർ ലഭിച്ചതായാണ് വിവരം. രാവിലെ 9.30-ന് നടക്കേണ്ട പരീക്ഷയിലെ ചോദ്യങ്ങൾ രാവിലെ ഏഴ് മുതൽ വിദ്യാർത്ഥികൾക്ക് ലഭിച്ച് തുടങ്ങി. പേപ്പറിൽ അച്ചടിച്ച ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തിയ നിലയിലാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നാണ് ചോദ്യം തയ്യാറാക്കുന്നതും സംസ്ഥാനത്തൊട്ടാകെ മോഡൽ പരീക്ഷയ്‌ക്ക് എത്തിക്കുന്നതും. ഒരാഴ്ച മുൻപ് സീൽ ചെയ്ത കവറിൽ ഇരുപതിന്റെ കെട്ടായി എത്തിച്ച ചോദ്യപ്പേപ്പർ സ്കൂൾ ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. ഇതിനിടെയിൽ ചോദ്യപേപ്പർ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത് ഗുരുതര വീഴ്ചയാണ്.















