ന്യൂഡൽഹി: ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിനെ അദ്ദേഹം പരാമർശിച്ചത്.
തിരഞ്ഞെടുപ്പ് സമ്പ്രദായം ജനാധിപത്യത്തിന് തടസ്സമാണെന്ന തെറ്റായ ധാരണകളെ തച്ചുടയ്‌ക്കുന്ന ഉദാത്ത മാതൃകയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പദ്രായമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന് എങ്ങനെ ശക്തമായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാമെന്ന് ഭാരതം ലോകത്തെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് റെയ്സിന കോൺക്ലേവിലാണ് കിരിയാക്കോസ് മിത്സോതാകിസിന്റെ പരാമർശം.
ഇന്ത്യയും ഗ്രീക്കും തമ്മിലുള്ള ചരിത്രപരവും ദാർശനികവുമായ ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തു അദ്ദേഹം. ഹൈന്ദവ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ‘ലോകം ഒരു കുടുംബമാണ്’ എന്ന വസുധൈവ കുടുംബകം എന്ന ആശയമാണ് ഭാരതീയ ഗ്രന്ഥങ്ങൾ പകർന്നു നൽകുന്ന ആശയമെന്നും അദ്ദേഹം പറഞ്ഞു.















