കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എബിവിപി. ജനങ്ങളുടെ നീതി, സമാധാനം, അവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ എബിവിപി പ്രതിജ്ഞാബദ്ധരാണെന്ന് സംസ്ഥാന സെക്രട്ടറി അനിരുദ്ധ സർക്കാർ പറഞ്ഞു. ദുരിതബാധിതരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അനിരുദ്ധ അധികാരികളോട് അഭ്യർത്ഥിച്ചു.
സംസ്ഥാന ബോർഡ് പരീക്ഷയ്ക്ക് മുൻപ് സന്ദേശ്ഖാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. ഇരകൾക്ക് വേണ്ടി ഉറച്ചുനിൽക്കുന്നുവെന്നും സന്ദേശ്ഖാലിയിൽ നീതിയും സമാധാനവും പുലരണമെന്നും എബിവിപി ആവശ്യപ്പെട്ടു. പ്രദേശത്ത് അടിയന്തരമായി നീതിയും സമാധാനവും പുനസ്ഥാപിക്കാനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് നിവേദനം സമർപ്പിക്കുകയും ചെയ്തു.
തൃണമൂൽ കോൺഗ്രസ് സാധാരണക്കാരെ ചൂഷണം ചെയ്യുകയും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. സന്ദേശ്ഖാലിയിൽ മതമൗലികവാദ ശക്തികൾ വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രദേശത്ത് കൂടുന്നു. റേഷൻ വിതരണ അഴിമതി അന്വേഷിക്കാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കും നേരിട്ട അതിക്രമങ്ങൾ പുറംലോകത്തിന് മുന്നിൽ സത്യത്തെ തുറന്നുകാട്ടിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
സന്ദേശ്ഖാലിയെയും സമീപ പ്രദേശങ്ങളെയും നിശ്ചലമാക്കാനും ഒറ്റപ്പെടുത്താനുമുള്ള സംസ്ഥാന സർക്കാരിന്റെയും മമത ബാനർജിയുടെയും ശ്രമങ്ങൾ സംഘർഷത്തിന്റെ ആക്കം കൂട്ടി. ഹയർസെക്കൻഡറി പരീക്ഷയഴുതേണ്ട പെൺകുട്ടിയെ ലോക്കൽ പോലീസ് അന്യായമായി തടങ്കലിൽ വച്ചതും ഗതാഗത തടസ്സങ്ങളും 144 പ്രഖ്യാപിച്ചതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നും എബിവിപി ആരോപിച്ചു.
എബിവിപി നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ:
1. സ്ത്രീകൾക്കെതിരായ അതിക്രമത്തിനും മോശമായ പെരുമാറ്റത്തിനും പിന്നിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
2. സന്ദേശ്ഖാലി ശാന്തമാക്കാൻ ഷാജഹാൻ ഷെയ്ഖിനെയും മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം.
3. സമാധാനം സ്ഥാപിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി സന്ദേശ്ഖാലിയുടെ മുഴുവൻ മേഖലയിലും കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണം.
4. ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായവർക്ക് നീതി ലഭ്യമാക്കണം.
5. സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും ഉത്തരവാദിത്തം ഉറപ്പാക്കാനും സന്ദേശ്ഖാലി സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുക.