തിരുവനന്തപുരം: പ്രധാനസേവകൻ നാളെ അനന്തപുരിയുടെ മണ്ണിൽ. നാളെ രാവിലെ പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ വരവേൽക്കും. തുടർന്ന് രാവിലെ പത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
നരേന്ദ്രമോദിയുടെ ഈ വർഷത്തെ ആദ്യത്തെ തലസ്ഥാന സന്ദർശനം ചരിത്രമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് പാർട്ടി നേതൃത്വം. അര ലക്ഷത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷമാകും സമ്മേളന നഗരിയിലേക്കെത്തുക.