തിരുവനന്തപുരം: എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം ഇന്നും നാളെയും പുതുച്ചേരിയിൽ നടക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ എബിവിപിയുടെ വരുംകാല പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ വിഭാവന ചെയ്യും. ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവന്ന ക്രൂരമായ അക്രമങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കും.
രാജ്യത്തുടനീളം വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സംഘടനാപ്രവർത്തനളുടെ അവലോകനവും യോഗത്തിൽ നടക്കും. അതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും, യുവാക്കൾ നേരിടുന്ന വെല്ലുവിളികളും, സമകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. ഭാരതത്തിലെ വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഉതകുന്ന കാര്യപദ്ധതികളും പ്രവർത്തക സമിതിയിൽ എബിവിപി വിഭാവന ചെയ്യും.
പുതുച്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പത്രസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ല, ദേശീയ സെക്രട്ടറി ശ്രീ ശ്രാവൺ ബി രാജ്, ദേശീയ മീഡിയ കൺവീനർ ശ്രീ അശുതോഷ് സിംഗ്, നോർത്ത് തമിഴ്നാട് എബിവിപി സെക്രട്ടറി ശ്രീ യുവരാജ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് ജോ.സെക്രട്ടറി ആരതി എന്നിവർ പങ്കെടുത്തിരുന്നു.
“കൊറോണക്ക് ശേഷമുള്ള ലോകം രാജ്യത്തെ യുവാക്കൾക്ക് ഒരേപോലെ വെല്ലുവിളികളും അവസരങ്ങളും തുറന്നു നല്കിയിട്ടുണ്ട് എന്നും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ അവരെ ശാക്തീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ദേശീയ സെക്രട്ടറി ശ്രീ ശ്രാവൺ ബി രാജ് പറഞ്ഞു. ഈ യോഗത്തിൽ എടുക്കുന്ന ഒരോ തീരുമാനങ്ങളും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥി പരിഷത്തിന്റെ വരുംകാല സംഘടനാപ്രവർത്തനങ്ങൾക്കുള്ള രൂപരേഖ വിഭാവന ചെയ്യുന്നതിൽ ഈ പ്രവർത്തക സമിതി യോഗം സുപ്രധാന പങ്ക് വഹിക്കുമെന്നും ശ്രാവൺ രാജ് പറഞ്ഞു.
ഭാരതത്തിലെ യുവാക്കൾ വിവിധ മേഖലകളിൽ ക്രിയാത്മകമവും മാതൃകാപരവുമായ മാറ്റം കൊണ്ടുവരാൻ ദൃഢനിശ്ചയമെടുത്തിരിക്കുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. യുവാക്കളെ വിദ്യാസമ്പന്നരും സാമർത്ഥ്യശാലികളുമാക്കിമാറ്റുക എന്ന വലിയ വെല്ലുവിളിയാണ് ഇന്ന് രാജ്യത്തിന് മുന്നിലുള്ളത്. ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വിദ്യാർത്ഥികളെ അതിന് പ്രാപ്തരാക്കാനുള്ള ശ്രമങ്ങളാണ് പരിഷത്തിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.