അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ ആരംഭിച്ചു. ഭാരതീയസംസ്കാരത്തിന്റെ തനിമ വിളിച്ചോതിയ ഉദ്ഘാടന ചടങ്ങിൽ ദേശീയ അദ്ധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി വിദ്യാദേവത സരസ്വതി ദേവിയുടെയും വിശ്വഗുരു വിവേകാനന്ദന്റെയും ഛായാചിത്രത്തിനു മുന്നിൽ ദീപ പ്രോജ്വലനം നടത്തി. എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ല, ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖരായ പ്രവർത്തകരാണ് യോഗത്തിന് പുതുച്ചേരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും പ്രവർത്തക സമിതി യോഗത്തിൽ നടക്കും. അതോടൊപ്പം തന്നെ വരുംകാല കർമ്മപദ്ധതി രൂപീകരണവും യോഗത്തിന്റെ മുഖ്യ അജണ്ടയാണ്.
കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ സംഘടനാ വിഷയങ്ങൾക്കൊപ്പം വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും യുവാക്കൾ നേരിടുന്ന വെല്ലുവിളികളും സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യവും ചർച്ചയാവും. ഭാരതത്തിലെ വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഉതകുന്ന കാര്യപദ്ധതികളും പ്രവർത്തക സമിതിയിൽ എബിവിപി വിഭാവന ചെയ്യും.
അരവിന്ദൻ എന്ന വിപ്ലവകാരി മഹാനായ ഋഷിവര്യനായതിന് സാക്ഷ്യം വഹിച്ച പുണ്യഭൂമിയാണ് പുതുച്ചേരി എന്നും ഇവിടെയുള്ള ജനങ്ങളിൽ ധാർമ്മികമായ ഐക്യവും സമഭാവനയും കുടികൊള്ളുന്നുവെന്നും ദേശീയ അദ്ധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം ഭാരതത്തിലുടനീളം ജനങ്ങൾക്ക് ഒരു പുത്തൻ ഉണർവും ആവേശവും രൂപം കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ ദൈനംദിന ക്ലാസുകളിൽ പങ്കെടുക്കാൻ കാണിക്കുന്ന വൈമുഖ്യം ആശങ്കാജനകമാണ് എന്നും ഭാരതത്തിന്റെ ഭാവിക്ക് ഇത് വലിയ വെല്ലുവിളിയായേക്കുമെന്നും രാജ് ശരൺ ഷാഹി വ്യക്തമാക്കി.എബിവിപിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിസർ ചലോ അഭിയാൻ വിദ്യാർത്ഥികളെ പഠനകാര്യങ്ങളിൽ ജാഗരൂകരാക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിന് കാരണമാകുമെന്നും നമ്മൾ ഏവരും അത് സാധ്യമാക്കാൻ അശ്രാന്ത പരിശ്രമം നടത്തേണ്ടതുണ്ട് എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ല വ്യക്തമാക്കി. ഒഡീഷ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ കൂടിവരുന്ന സാഹചര്യം ദൗർഭാഗ്യകരമാണ് എന്നും ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.ചോദ്യപ്പേപ്പർ ചോർച്ച തടയാൻ ശക്തമായ നടപടികൾ അത്യന്താപേക്ഷിതമാണ് എന്നും യജ്ഞവൽക്യ ശുക്ല വ്യക്തമാക്കി.