കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈംഗിക അതിക്രമക്കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ അറസ്റ്റ് ചെയ്ത് പോലീസ്. വ്യാഴാഴ്ച രാവിലെ നോർത്ത് പർഗാനാസ് ജില്ലയിൽ നിന്നാണ് ഷാജഹാൻ അറസ്റ്റിലായത്.
നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഏറെനാളായുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രധാന പ്രതിയായ ടിഎംസി നേതാവിനെ പോലീസ് പിടികൂടിയത്.
ഒളിവിൽ പോയ ഷാജഹാനെ പിടികൂടാത്തെ ബംഗാൾ പോലീസിനെതിരെയും തൃണമൂൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. തൃണമൂൽ ഗുണ്ടയെ മുഖ്യമന്ത്രി മമതാ ബാനർജി സംരക്ഷിക്കുകയാണെന്നായിരുന്നു ആക്ഷേപം.
സംസ്ഥാനത്തുടനീളം ബിജെപിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങളും നടന്നു. ഒടുവിൽ 56 ദിവസത്തിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ ബസിർഹത് കോടതിയിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേയില്ലെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്.















