തിരുവനന്തപുരം: കേരള സർക്കാരിൽ നിന്ന് സമാനതകളില്ലാത്ത വഞ്ചന നേരിടേണ്ടി വന്ന കാലഘട്ടത്തിലൂടെയാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും കടന്നു പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അവകാശങ്ങൾ ചോദിച്ച് തെരുവിൽ സമരം ചെയ്യേണ്ടി വന്ന കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ പോലും ഉണ്ടായിട്ടില്ല. ധനമന്ത്രിയുടെ ഭാര്യപോലും അവകാശങ്ങൾക്കായി സമരം ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാതൊരു ധാരണയും ആത്മാർത്ഥതയും ഇല്ലാത്ത ധനനയങ്ങളാണ് ഈ സർക്കാരിന്റേത്. പിണറായിക്ക് വൻകിടക്കാരിൽ നിന്ന് നികുതി പിരിക്കാനാവില്ല. കാരണം അവരിൽ നിന്നെല്ലാം നേരത്തെ തന്നെ മകൾ നികുതി പിരിച്ച് കഴിഞ്ഞുവെന്നും മുരളീധരൻ പരിഹസിച്ചു.
ശമ്പളവും പെൻഷനും നൽകാൻ അധിക കടമെടുപ്പ് അനുവദിക്കണമെന്ന ആവശ്യം കേരളത്തോടുള്ള വഞ്ചനയാണ്. സ്വന്തം പി. ആർ വർക്കിനായി പെൻഷൻകാരെ ഉപയോഗിച്ച രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും പിണറായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പി.ആർ വർക്കിലാണ്. പ്രഖ്യാപനവും കയ്യടി വാങ്ങലും മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.