ചെന്നൈ: ഐഎസ്ആർഒയുടെ റോക്കറ്റിൽ ചൈനീസ് പതാക വച്ച ചിത്രവുമായി തമിഴ്നാട് സർക്കാർ പത്രപരസ്യം പുറത്തിറക്കിയതിന് പിന്നാലെ തെറ്റ് സംഭവിച്ചതാണെന്ന് അംഗീകരിച്ച് ഡിഎംകെ മന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് തെറ്റ് ഏറ്റുപ്പറഞ്ഞ് മന്ത്രി അനിതാ രാധാകൃഷ്ണൻ എത്തിയത്.
തങ്ങൾക്ക് ചെറിയൊരു കൈയബദ്ധം സംഭവിച്ചുവെന്നായിരുന്നു തമിഴ്നാട് മന്ത്രിയുടെ പ്രതികരണം. കുലശേഖരപട്ടണത്തെ പുതിയ റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നടക്കുന്ന തറക്കല്ലിടൽ ചടങ്ങിനായി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന പരസ്യത്തിൽ ചൈനീസ് പതാക ഉപയോഗിച്ചത് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പരസ്യം ഡിസൈൻ ചെയ്തവർക്ക് സംഭവിച്ച പിഴവാണെന്നും അനിതാ രാധാകൃഷ്ണൻ പ്രതികരിച്ചു.
ചൈന നമ്മുടെ ശത്രുരാജ്യമല്ലല്ലോയെന്നും ചൈനീസ് പതാക കണ്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു നേരത്തെ ഡിഎംകെ നേതാവ് കനിമൊഴി വിഷയത്തിൽ പ്രതികരിച്ചത്. സംഭവം വിവാദമായെങ്കിലും പിഴവ് സമ്മതിക്കാൻ ആദ്യഘട്ടത്തിൽ ഡിഎംകെ നേതൃത്വം തയ്യാറായിരുന്നില്ല. ഭാരതത്തിന്റെ ഇസ്രോയുടെ ശാസ്ത്രജ്ഞരെ അവഹേളിക്കുന്നതിന് തുല്യമാണ് ഡിഎംകെയുടെ പത്രപരസ്യമെന്ന് തമിഴ്നാട്ടിൽ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. സംഭവത്തിൽ ഡിഎംകെ സർക്കാർ മാപ്പ് ചോദിക്കണമെന്നായിരുന്നു തമിഴ്നാട് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ വിമർശനങ്ങൾ ശക്തമായതോടെ പിഴവ് അംഗീകരിച്ചിരിക്കുകയാണ് മന്ത്രി അനിതാ രാധാകൃഷ്ണൻ.