തൃശൂർ: അനധികൃത മദ്യ വിൽപന പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് ആക്രമിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ നാരായണമംഗലത്താണ് സംഭവം. ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് പ്രതി കടന്നു കളഞ്ഞു. നാരായണമംഗലം സ്വദേശി നിധിൻ (38) ആണ് രക്ഷപ്പെട്ടത്.
എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയപ്പോൾ ഇയാൾ വളർത്തു നായയെ അഴിച്ചു വിടുകയായിരുന്നു. തുടർന്ന് യുവാവ് ഓടി രക്ഷപ്പെട്ടു.ഇയാളുടെ വീട്ടിൽ നിന്നും 52 കുപ്പി മദ്യവും, ഇലക്ട്രിക്ക് സ്കൂട്ടറും പിടികൂടിയതായി എക്സൈസ് അറിയിച്ചു. രക്ഷപ്പെട്ട നിധിനായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.