അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികൾ നടക്കുന്ന വേദിയുടെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്ര. പൂക്കൾ കൊണ്ട് അലങ്കരിച്ച അതിമനോഹരമായ വേദിയാണ് ചിത്രത്തിലുള്ളത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മൽഹോത്ര ചിത്രങ്ങൾ പങ്കുവച്ചത്.
പല നിറത്തിലുള്ള പൂക്കൾ കൊണ്ട് വേദി അലങ്കരിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. നിത അംബാനിയുടെ നിർദ്ദേശപ്രകാരമാണ് വേദി അലങ്കരിച്ചിരിക്കുന്നത്. സ്വപ്നലോകം പോലെ തോന്നുവെന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. വിവാഹത്തിന് അതിഥികളെ ക്ഷണിച്ചുകൊണ്ട് മുകേഷ് അംബാനിയും നിത അംബാനിയും എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്.
അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടാതെ വ്യാവസായിക സിനിമാ മേഖലകളിലെ നിരവധി പ്രമുഖരും ആഘോഷത്തിൽ പങ്കെടുത്തു.