കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണം. വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിൽ ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചതിനാണ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് 14കാരൻ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടിട്ടും വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥിയുടെ കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സേവിയോ സ്കൂളിലെ വിദ്യാർത്ഥിയെ സമീപത്തെ മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കണ്ണിന് താഴെയായും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി ചികിത്സ തേടിയിരുന്നു. നിസാര കാര്യങ്ങൾക്ക് പോലും ഇത്തരത്തിലുള്ള തർക്കങ്ങൾ ഇരു സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ നിലനിൽക്കാറുണ്ടെന്ന് വിദ്യാർത്ഥി പറഞ്ഞു.