മുംബൈ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപെടുത്തുകയും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്ത കേസിൽ ദമ്പതികളെ പത്ത് വർഷം കഠിന തടവിന് വിധിച്ച് പ്രത്യേക പോക്‌സോ കോടതി. 2018 ഒക്ടോബർ മുതൽ 2019 ജനുവരി വരെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച ശേഷം പെൺകുട്ടി എങ്ങനെയോ രക്ഷപ്പെട്ടു. നിലവിൽ ഇവർ മാനസികാശുപത്രിയിലാണ്.
മാതൃസഹോദരിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. വഴക്കിനെ തുടർന്ന് വീട് വീട്ടിറങ്ങിയ പെൺകുട്ടിയെ പ്രതികൾ ദമ്പതികളുടെ വസതിയിലെത്തിച്ച് നിർബന്ധിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികളായ കാദർ അലി ഷെയ്ഖ് ഭാര്യ ആലിയ ഷെയ്ഖ് എന്നിവർ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
2019 ജനുവരി 18 ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്‌ക്ക് ശേഷം പെൺകുട്ടി പോലീസിന് മൊഴി നൽകി. അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും വീട്ടിലെത്തുന്നുവരും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മൊഴി. അറസ്റ്റിന് പിന്നാലെ ദമ്പതികളുടെ ഫോണിൽ നിന്നും പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ദമ്പതികൾ കുറ്റക്കാരാണെന്ന് പ്രത്യേക ജഡ്ജി ആർ.കെ. ക്ഷീരസാഗർ നിരീക്ഷിച്ചു.















