മുംബൈ: മാട്ടുംഗ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് മംഗല്യമേള നടന്നു. കേരള ഭവനം നവതി മെമ്മോറിയൽ ഹാളിലാണ് പരിപാടി നടന്നത്. മലയാളി യുവതീ യുവാക്കൾക്കായി രണ്ടു വിഭാഗമായിട്ടാണ് പരിപാടി നടത്തിയത്.
രാവിലെ നടന്ന ആൺകുട്ടികളുടെ വിഭാഗത്തിൽ എഴുപത്തിയഞ്ചോളവും ഉച്ചയ്‌ക്ക് ശേഷം നടന്ന പെൺകുട്ടികളുടെ വിഭാഗത്തിൽ അറുപതോളം ബയോഡേറ്റകളും പ്രദർശിപ്പിച്ചു. എൽഇഡി സംവിധാനം, വിവരപരിശോധന സംവിധാനം എന്നിവയടക്കം സമാജം വിപുലമായാണ് പരിപാടി സംഘടിപ്പിച്ചത്.
നിലവിലുള്ളവരുടെ രജിസ്ട്രേഷൻ കാലാവധി അടുത്ത മംഗല്യമേളവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. വിവാഹാർത്ഥികൾക്ക് എല്ലാ മാസവും അവസാന ശനിയാഴ്ച ബയോഡേറ്റ സമാജം പരിശോധിക്കാനുള്ള സൗകര്യം ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.















