കഴിഞ്ഞ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിക്കൊപ്പം നവാഗതരും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ മൂന്നാമത്തെ മേക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതാണ് വീഡിയോയിലുള്ളത്. കൂടാതെ ആർട്ട് വർക്കിന്റെ മികവും സംഘട്ടന രംഗങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ചിത്രം സമ്മാനിച്ച അതേ ആവേശത്തോടെയുള്ള മേക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരണത്തിനിടെ നടന്ന രസകരമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടുന്ന ക്യാമറാമാനെയും വീഡിയോയിൽ കാണാം.
കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെപ്തംബർ 28 നായിരുന്നു കണ്ണൂർ സ്ക്വാഡ് പ്രദർശനത്തിനെത്തിയത്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചന നടത്തിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച സിനിമ ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് പ്രദർശനത്തിനെത്തിച്ചത്.