എറണാകുളം: കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന് നിർമ്മിച്ചിരിക്കുന്നത്. 7,377കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്.
ഉദ്ഘാടനത്തിന് ശേഷം ദിവ്യാംഗരായ കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷമാണ് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുന്നത്.
കേരള തനിമ പ്രകടമാകും വിധത്തിലാണ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. വിവിധ നൃത്തരൂപങ്ങളുടെ ശിൽപങ്ങൾ ഉൾപ്പെടുത്തിയുള്ള ഡാൻസ് മ്യൂസിയവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഈ ഡാൻസ് മ്യൂസിയം ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.