വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രൈമറി വോട്ടിംഗിൽ മുന്നേറിയതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെ രാഷ്‌ട്രീയ സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് മുന്നേറിയിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡൻ തന്നെയാകും ഇക്കുറിയും മത്സരരംഗത്തുള്ളതെന്നാണ് പ്രൈമറി വോട്ടിംഗിൽ നിന്ന് വ്യക്തമാകുന്നത്.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിനിടെ ഉയർന്നു വന്ന എല്ലാ ചർച്ചകളിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു. എന്നാൽ 15ൽ 14 പ്രൈമറികളിലും വിജയിച്ച് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയതിന് പിന്നാലെയാണ് ട്രംപ് ബൈഡനെ സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുന്നത്. ” നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി, ഞാനും ജോ ബൈഡനും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യണമെന്നത് അത്യന്താപേക്ഷിതമാണ്. എപ്പോൾ എവിടെ വച്ചും ഏത് സമയത്തും അത്തരമൊരു ചർച്ചയ്‌ക്ക് ഞാൻ തയ്യാറാണ്. അദ്ദേഹത്തേയും ഇതിനായി ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും” ട്രംപ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കുറിച്ചു.
വെർമോണ്ട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നിക്കി ഹേലിക്കെതിരെ ട്രംപ് വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. നിക്കി ഹേലി ഉൾപ്പെടെയുള്ള എതിരാളികൾ പല ടെലിവിഷൻ സംവാദങ്ങളിലും ട്രംപിനെ ചർച്ചയ്‌ക്കായി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ചെറിയ എതിരാളികളുമായി ചർച്ച നടത്തുന്നതിലൂടെ തനിക്ക് നേട്ടമൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ വാദം. ഡെമോക്രാറ്റുകൾ ചർച്ചയ്‌ക്ക് ക്ഷണിച്ചാൽ അതിന് തയ്യാറാകുമെന്ന് ട്രംപ് പിന്നീട് നിലപാട് തിരുത്തിയിരുന്നു.