അമരാവതി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശ് തൂത്തുവാരാനൊരുങ്ങി എൻഡിഎ. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും (TDP) പവൻ കല്യാണിന്റെ ജനസേന പാർട്ടിയും (JSP) തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനൊപ്പമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇരുനേതാക്കളും നിർണ്ണായക തീരുമാനം സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടാതെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും എൻഡിഎ സഖ്യത്തിനൊപ്പം മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ബിജെപിയും ടിഡിപിയും ജെഎസ്പിയും പുറത്തിറക്കിയിട്ടുണ്ട്.

സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമാകുമെന്നും പ്രസ്താവയിൽ വ്യക്തമാക്കുന്നു. ബിജെപി ദേശീയ നേതൃത്വവുമായി വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയിലാണ് ടിഡിപിയും ജെഎസ്പിയും സഖ്യത്തിലേക്ക് എത്തുന്നത് സംബന്ധിച്ച് തീരുമാനയത്. ഇതിന് മുന്നോടിയായി അമിത് ഷായുടെ വസതിയിൽ നദ്ദയുടെ സാന്നിധ്യത്തിൽ ജെഎസ്പി നേതാവ് പവൻ കല്യാൺ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ആന്ധ്രയിൽ എൻഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച ഏകദേശ ധാരണായിൽ എൻഡിഎ സഖ്യമെത്തിയതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജന സേനയും ബിജെപിയും എട്ട് വീതം സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസേന 28 സീറ്റുകളിലും ബിജെപി 32 സീറ്റുകളിലും മത്സരിച്ചേക്കും. ഇരുതിരഞ്ഞെടുപ്പുകളിലും ശേഷിക്കുന്ന സീറ്റുകളിലാണ് ടിഡിപി ജനവിധി തേടുക. ആന്ധ്രാ പ്രദേശിൽ 25 ലോക്സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളുമാണുള്ളത്.
ടിഡിപി അദ്ധ്യക്ഷനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംസ്ഥാനം തീർത്തും തകർന്ന അവസ്ഥയിലാണെന്നും ബിജെപിയുമായി ചേർന്നുള്ള ടിഡിപിയുടെ പ്രവർത്തനം ആന്ധ്രാപ്രദേശിനെ മോശം അവസ്ഥയിൽ നിന്നും കരകയറ്റുമെന്നും ചന്ദ്രബാബു നായിഡു ജനങ്ങളോട് പറഞ്ഞു. നേരത്തെ എൻഡിഎയ്‌ക്ക് ഒപ്പമായിരുന്ന ടിഡിപി 2018ലായിരുന്നു മുന്നണി വിട്ടത്. പിന്നീട് വിശാലസഖ്യത്തിനൊപ്പവും പ്രാദേശിക സഖ്യം രൂപീകരിച്ചും മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ മുന്നണിയിൽ നിന്ന് പിന്മാറുകയായിരുന്നു.















