തിരുവനന്തപുരം: വിവാഹ വാഗ്ദാനം നിരസിച്ച വനിതയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർ അറസ്റ്റിൽ. എംആർ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ സുധീർ, തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശികളായ ശ്യാം ദേവദേവൻ, അരുൺ, പാറശാല സ്വദേശി ഷാനിഫ്, പൗണ്ട് കോളനി സ്വദേഷി ഷജില എന്നിവരാണ് അറസ്റ്റിലായത്.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതിയും ശ്യാമും സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്ന യുവതിയെ ശ്യാം പതിവായി ശല്യം ചെയ്ത് തുടങ്ങി. പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് വിവാഹം കഴിക്കാനായാണ് വനിതയെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതെന്നാണ് ശ്യാമിന്റെ മൊഴി. ഇതിന് പിന്നാലെ ശ്യാമിന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ സുധീർ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷജില, ഷാനിഫ് എന്നിവരും കാറിലുണ്ടായിരുന്നു.
വഴിമധ്യേ യുവതിയെ ശ്യാമിന്റെ കാറിൽ കയറ്റി തിരുനെൽവേലിയിലെ ഫാം ഹൗസിലെത്തിച്ചു. ഒന്നിച്ച് ജീവിക്കണമെന്ന ആവശ്യം നിരസിച്ചതോടെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. രാവിലെ അമ്മയെ കാൺമാനില്ലെന്ന് ആരോപിച്ച് മക്കൾ പോലീസിൽ പാരതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.