തിരുവനന്തപുരം: സർവകലാശാല കലോത്സവങ്ങൾക്കിടെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾക്കെതിരെ കേരള സർവകലാശാല ചാൻസിലർക്കും വൈസ് ചാസിലർക്കും പരാതി നൽകി എബിവിപി. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്. അക്ഷയ് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. സർവ്വകലാശാല കലോത്സവങ്ങൾ എസ്എഫ്ഐക്കാർ കലാപ വേദികളാക്കുന്നുവെന്ന് എബിവിപി പ്രവർത്തകർ പ്രതികരിച്ചു.
കലോത്സവ വേദികളിൽ എസ്എഫ്ഐ അവരുടെ അക്രമം നടത്തുന്നതിനും സാമ്പത്തിക അഴിമതി നടത്തുവാനുമുള്ള വേദിയാക്കി മാറ്റി. മറ്റ് സംഘടനയുടെ പ്രവർത്തകരായിട്ടുള്ള വിദ്യാർത്ഥികളെ അക്രമിക്കുന്നതും അവരെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദികാത്തതുമായ അവസ്ഥയുണ്ടാക്കി. വിദ്യാർത്ഥികൾക്ക് പത്തും പന്ത്രണ്ടും മണിക്കൂർ മേക്കപ്പ് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.
വിധികർത്താക്കളും യൂണിയൻ ഭാരവാഹികളും എസ്എഫ്ഐ നേതാക്കളും കോഴ വാങ്ങിയിട്ടുണ്ട്. മത്സര ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നൽകുന്നതിനാണ് കോഴ വാങ്ങുന്നത്. കലോത്സവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയിലും പണമിടമാടുകളിലും സ്വതന്ത്ര അന്വേഷണം നടത്തണം. വരും ദിവസങ്ങളിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് നല്ല രീതിയിൽ കലോത്സവം നടത്തുവാനുള്ള നടപടികൾ സർവ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എബിവിപി പ്രവർത്തകർ പറഞ്ഞു.