ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയാൽ ചോരപ്പുഴയൊഴുകും എന്ന് പ്രചരണം നടത്തിയവർ ഇന്നെവിടെ? ഒരു ജീവൻ പോലും നഷ്ടപ്പെടാതെ, ഒരു തുള്ളി രക്തം പോലും കശ്മീരിന്റെ മണ്ണിൽ വീഴാതെ ആർട്ടിക്കിൾ-370 എന്ന കാർമേഘം കശ്മീരിന്റെ ആകാശത്ത് നിന്ന് പെയ്തൊഴിഞ്ഞിരിക്കുന്നു. നരേന്ദ്രമോദി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിന്റെ സുപ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്ന് തന്നെയാണ് താഴ്‌വരയുടെ തിരിച്ചു പിടിക്കൽ.
ഒരു രാജ്യത്തിനുള്ളിൽ സ്വന്തം നിയമവും സ്വന്തം പതാകയുമുള്ള ഒരു പ്രദേശം, വികസനം നിഷേധിക്കപ്പെട്ട ജനങ്ങൾ, അവർ നേരിടുന്നതാകട്ടെ കടുത്ത മനുഷ്യവകാശ ധ്വംസനവും. ഇത് മുതലെടുക്കുന്ന അബ്ദുള്ളമാരും മുഫ്തിമാരും അടക്കമുള്ള വിഘടനവാദികളും, ഒപ്പം അവരുടെ പാക് കൂറും. ഇതായിരുന്നു കശ്മീർ. താഴ്‌വരയുടെ കാര്യത്തിൽ ജനസംഘത്തിന്റെ കാലം മുതൽ സ്വീകരിച്ച നിലപാട്. ബിജെപിയും ശക്തമായി തന്നെ തുടർന്നു. 2014ലും 2019ലും ബിജെപിയുടെ പ്രകടനപത്രികയിൽ ജമ്മുകശ്മീരിനെ കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.
‘ജനസംഘത്തിന്റെ കാലം മുതൽ മുന്നോട്ട് വെക്കുന്ന 370 അനുഛേദം റദ്ദാക്കുമെന്ന നിലപാട് ആവർത്തിക്കുന്നു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് എന്നും തുടരും. ഇന്ത്യയുടെ അഖണ്ഡത ലംഘിക്കാനാവാത്തതാണ്. ആർട്ടിക്കിൾ 35A, സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമാണ്. ജമ്മു, കാശ്മീർ, ലഡാക്ക് എന്നീ മൂന്ന് മേഖലകളിലും തുല്യ വികസനമെന്ന അജണ്ട ബിജെപി പിന്തുടരും. കശ്മീരി പണ്ഡിറ്റുകൾ തങ്ങളുടെ പൂർവ്വികരുടെ നാട്ടിലേക്ക് പൂർണ്ണ അന്തസ്സോടെയും സുരക്ഷയോടെയും മടങ്ങിവരുന്നത് ബിജെപിയുടെ അജണ്ടയിൽ സുപ്രധാനമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണ്’ ഇതായിരുന്നു കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നത്.

2019 ആഗസ്റ്റ് 5, സർക്കാർ അധികാരമേറ്റ് രണ്ട് മാസവും അഞ്ച് ദിവസവും പിന്നിടുമ്പോൾ മോദി-ഷാ സഖ്യം നിർണ്ണായകമായ ആ നീക്കം നടത്തി. അനധികൃതമായി സ്ഥാപിച്ച ആർട്ടിക്കിൾ 370 കശ്മീരിൽ നിന്ന് നിയമപരമായി തന്നെ എടുത്തുമാറ്റി. മാത്രമല്ല വിഘടനവാദം ഇല്ലാതാക്കാൻ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. ജമ്മുകശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശവും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശവുമാക്കി. ഇതിനെതിരെ വിഘടനവാദികളും വിവിധ രാഷ്‌ട്രീയ കക്ഷികളും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചു. 2023 ഡിസംബർ 11ന് പാർലമെന്റിന്റെ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി ശരിവെച്ചതൊടെ വിഘടവാദികളുടെ കരച്ചിലിന് അറുതിയായി.
2019 വരെ, ആർട്ടിക്കിൾ 370 എത്രമാത്രം വിവേചനപരമാണെന്ന് തിരിച്ചറിയാനുള്ള ശേഷി പോലും കശ്മീർ ജനതയ്‌ക്ക് നഷ്ടപ്പെട്ടു പോയി എന്നതാണ് യാഥാർത്ഥ്യം. കശ്മീരിലെ രാഷ്‌ട്രീയ ‘രാജവംശങ്ങൾ’ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അബ്ദുള്ളമാരും മുഫ്തിമാരുമാണ് പ്രത്യേക പദവി ആസ്വദിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇരുസഭകളിലും നടത്തിയ പ്രസംഗങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതാണ് മോദിയുടെ ഗ്യാരന്റി
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പാർട്ടിയുടെ പ്രകടന പത്രിക സമയബന്ധിയതമായി നടപ്പിലാക്കിയ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ രാജ്യമെമ്പാടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമൊക്കെയാണ് പ്രതിപക്ഷം വാദിച്ചിരുന്നത്. എന്നാൽ ജമ്മു കശ്മീരിൽ പോലും പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷത്തിനു പോലും വിശ്വസിക്കാനായിട്ടുണ്ടാകില്ല. (കേരളത്തിൽ സിപിഎമ്മിനോ പോലെ മുസ്ലിം ലീഗിനെ പോലെയുള്ള ദേശീയ തലത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത കക്ഷികൾ നടത്തിയ കാട്ടികൂട്ടലുകൾ ഒഴിച്ച്)
ഭീകരവാദവും അസ്ഥിരതയും കൊടികുത്തി വാണിരുന്ന താഴ്‌വരയെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ കൊണ്ടുവരിക മോദി-ഷാ സഖ്യത്തെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. കുട്ടികളിൽ പോലും കുത്തിവെച്ച ദേശവിരുദ്ധ മനോഭാവമായിരുന്നു യഥാർത്ഥ പ്രതിസന്ധി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേര് പറയാതെ പുതിയ കാശ്മീരിന്റെ അദ്ധ്യായം ആരംഭിക്കാനാകില്ല. മോദിയുടെ നിർദ്ദേശ പ്രകാരം, പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ രണ്ടാം നാൾ, ആഗസ്റ്റ്- 7ന് അജിത് ഡോവൽ കശ്മീരിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ ശ്രീനഗറിലെ തെരുവുകളിലൂടെ നടന്നു, ആളുകളുമായി സംസാരിച്ചു, അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് ഈദ് ദിനത്തിൽ ലാൽ ചൗക്ക്, ഹസ്രത്ബാൽ ദേവാലയം, ശ്രീനഗർ നഗരം എന്നിവിടങ്ങളിലും ഡോവൽ എത്തി കശ്മീരികളുടെ കൂടെ സമയം ചെലവഴിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ഈ നീക്കം സാധാരണക്കാർക്ക് പകർന്ന ആത്മവിശ്വാസം ചെറുതല്ല. ഭയപ്പെടേണ്ട, കേന്ദ്രസർക്കാരിന്റെ കരുതലും സുരക്ഷയും കൂടെയുണ്ടെന്നും, സംഭവിച്ചത് നല്ലതിന് വേണ്ടിയായിരുന്നു സന്ദേശമാണ് അദ്ദേഹം പകർന്ന് നൽകിയത്.

തുടർന്ന് കശ്മീരിനെ നയിക്കാൻ ശക്തമായ നേതൃത്വം വേണമെന്ന പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും ചിന്ത അവസാനിച്ചത് മുൻ കേന്ദ്രമന്ത്രിയായ മനോജ് സിൻഹയിലാണ്. വാരണാസിയിൽ നിന്നാണ് അദ്ദേഹം ശ്രീനഗറിലേക്ക് ലെഫ്റ്റനന്റ് ഗവർണറായി എത്തിയത്. 2020 ആഗസ്റ്റ് 7-നാണ് സിൻഹ ചുമതലയേറ്റത്. കശ്മീരിലെ നേതാക്കൾ സുരക്ഷ പ്രശ്‌നം മുൻനിർത്തി പൊതുജനങ്ങളിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാൽ സിൻഹ പൊതു പരിപാടികൾ പങ്കെടുത്തും റോഡ് മാർഗം സഞ്ചരിച്ചും പ്രദേശം സുരക്ഷിതമാണെന്ന് വിശ്വാസം കശ്മീരിലും രാജ്യമെമ്പാടും എത്തിച്ചു. ഇത് മോദി സർക്കാരിനെ വിമർശിക്കുന്നവരെ പോലും അത്ഭുദപ്പെടുത്തി.
ശ്യാമപ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വം
നെഹ്‌റുവിന്റെ ഷെയ്ഖ് അബ്ദുള്ളയോടുള്ള വഴിവിട്ട വിധേയത്വവും വാത്സല്യവുമാണ് പതിറ്റാണ്ടുകളോളം പ്രത്യേക പദവി നിലനിൽക്കാൻ കാരണം. വളരെ ചുരുങ്ങിയ കാലത്തേക്ക് എന്നു പറഞ്ഞ് ആർട്ടിക്കിൾ 370 കൊണ്ടുവന്നപ്പോൾ സർദാർ പട്ടേലും ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കറും എതിരായിരുന്നു. പിന്നീട് വന്ന കോൺഗ്രസ് സർക്കാരുകൾ അതെല്ലാം മറന്ന് നിർബാധം പിന്തുണ നൽകുകയായിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നൽകിയ തീരുമാനത്തിനെ ആദ്യം ശക്തിയുക്തം എതിർത്തിയത് ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയായിരുന്നു. 1949ൽ നെഹ്റു എടുത്ത തീരുമാനത്തിനെതിരേ “ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി” മുദ്രാവാക്യം ഉയർത്തിയാണ് മുഖർജി പ്രചാരണമാരംഭിച്ചത്. പിന്നീട് ജമ്മുകശ്മീരിൽ അനുമതിയില്ലാതെ പ്രവേശിച്ചെന്ന കുറ്റം ചുമത്തി 1953 മെയ് 8ന് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. 1953 ജൂൺ 23-ാം തീയതി ജയലിൽ നിന്ന് പുറത്ത് വന്നത് മരണ വാർത്തയാണ്. കശ്മീരിന് വേണ്ടി സ്വജീവൻ ത്യജിച്ച മുഖർജിയുടെ സ്വപ്നവും ലക്ഷ്യവുമാണ് മോദി സർക്കാർ സഫലമാക്കിയത്.
കല്ലേറും ബന്ദും എവിടെ?
- 2019 ന് മുമ്പും ശേഷവും കശ്മീർ സന്ദർശിച്ച എതൊരാൾക്കും താഴ്വരയ്‌ക്കും ജനങ്ങൾക്കും വന്ന മാറ്റം എളുപ്പം തിരിച്ചറിയാൻ സാധിക്കും. ഒന്നാമതായി തങ്ങളുടെ മാതൃരാജ്യം ഭാരതമാണെന്നും തങ്ങൾ ഇന്ത്യൻ പൗരൻമാരണെന്നുമുള്ള ഉൾക്കാഴ്ച കശ്മീരികൾക്ക് ഉണ്ടായി. മുമ്പ് അവിടെ നിന്നുള്ള വാർത്തകളുടെ ഉള്ളടക്കം ഭീകരവാദവും കല്ലേറും സ്ഫോടനവുമായിരുന്നു. സ്വതന്ത്ര്യദിനമോ റിപ്പബ്ലിക് ദിനമോ അവിടെ ആഘോഷമായിരുന്നില്ല. ഇന്ന് കാണുന്നത് കശ്മീരിന്റെ പതാക വലിച്ചെറിഞ്ഞ് ത്രിവർണ്ണ പതാകയുടെ കീഴിൽ അണിനിരക്കുന്ന ജനതയേയാണ്. ദേശീയ ദിനങ്ങൾ ജനപങ്കാളിത്തതൊടെയാണ് താഴ്വര ആഘോഷമാക്കിയത്.

- സേനയ്‌ക്ക് നേരെയുള്ള പത്തർബാജി (കല്ലെറിയൽ) പൂർണ്ണമായും അവസാനിച്ചു. കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുന്നതിൽ കുപ്രസിദ്ധ പങ്കാണ് ഇത് വഹിച്ചത്. കൊച്ചു കുട്ടികൾ മുതൽ സേനയ്‌ക്ക് നേരെ കല്ലെറിയുന്നത് സാധാരണ രംഗമായിരുന്നു. 2019 ആഗസ്റ്റിനു ശേഷം ഇത്തരത്തിലുള്ള ഒറ്റ സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കല്ലെറിഞ്ഞ് നടന്നിരുന്ന യുവതലമുറയുടെ ഊർജ്ജം ക്രിയാത്മകമായ വഴികളിലേക്ക് തിരിച്ച് വിട്ടു.
- ബന്ദും അടച്ചിടലും അവസാനിച്ചു. തീവ്രവാദികൾക്കും വിഘടനവാദികൾക്കും എന്തിനും ഏതിനും ബന്ദിന് ആഹ്വാനം ചെയ്യാവുന്ന ഒരിടമായിരുന്നു 2019 വരെ കശ്മീർ. കൂടാതെ സുരക്ഷ മുൻനിർത്തി വിവിഐപി സന്ദർശന വേളയിൽ അടച്ചിടുന്നതും പതിവായിരുന്നു. 2021 ൽ രാഷ്‌ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി താഴ്വരയിൽ എത്തിയപ്പോൾ ഒരു കട പോലും അടഞ്ഞ് കിടന്നില്ലെന്നത് ശ്രദ്ധേയമാണ്.
- ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതൊടെ പ്രദേശത്തിന്റെ വികസനവും അഭിലാഷവും ലക്ഷ്യമിട്ടുള്ള പ്രദേശിക ഭരണസംവിധാനം നിലവിൽ വന്നു. താഴെ തട്ടിൽ നിന്നും ജനപ്രതിനിധികൾ ഉയർന്ന് വന്നതൊടെ അവർ സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകി. കാലങ്ങളായി കൊതിക്കുന്ന റോഡുകളും ചെറുപാലങ്ങളും നിർമ്മിച്ച് വൈദ്യുതി വരെ എത്തിക്കാൻ പ്രദേശിക ഭരണകൂടങ്ങൾ മുന്നിൽ നിന്നു.
- 33 വർഷത്തിന് ശേഷം താഴ്വരയിൽ സിനിമാ തിയേറ്ററുകൾ തുറന്നു. ലൈറ്റ്- മ്യൂസിക് ഫെസ്റ്റുകൾ ആരംഭിച്ചു. കശ്മീരികളെ അവ്യക്തതയിലേക്കും മതമൗലികവാദത്തിലേക്കും തള്ളിവിടാൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ സന്ദേശമായിരുന്നു ഈ തിരിച്ചു വരവ്.
- നരേന്ദ്രമോദി സർക്കാർ ആഗ്രഹിച്ചിരുന്നതിന്റെ നേർക്കാഴ്ചയാണ് കശ്മീരിൽ നടന്ന ജി-20 ടൂറിസം ഗ്രൂപ്പ് മീറ്റിംഗുകളുടെ വിജയം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കശ്മീർ എങ്ങനെ മാറിയെന്ന് കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ലോകത്തോട് വിളിച്ച് പറഞ്ഞതും വിസ്മരിക്കേണ്ട കാര്യമില്ലല്ലോ. ഗുൽമാർഗിലെ അവരുടെ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുെം മോദിയുടെ സാരഥ്യത്തിൽ താഴ്വര സന്തോഷത്തിന്റെ ഇടമായി മാറിയെന്ന സത്യം ലോകം വീണ്ടും അറിഞ്ഞു.
കശ്മീർ ജനത, അന്നും ഇന്നും
- 370-ാം അനുഛേദം റദ്ദാക്കിയതുകൊണ്ട് ഭാരതത്തിന്റെ ഭരണഘടന പൂർണ്ണമായും കശ്മീരിൽ നടപ്പിലാക്കി. സ്വാഭാവികമായും കശ്മീരികളുടെ ഇരട്ട പൗരത്വവും റദ്ദായി.
- ഭാരതത്തിന്റെ ദേശീയ പതാകയോടൊപ്പം ഉയർത്തിയിരുന്ന കശ്മീർ പതാക ഇല്ലാതാക്കി.
- പാർലമെന്റ് അംഗീകരിക്കുന്ന എല്ലാ നിയമങ്ങളും ജമ്മുകശ്മീരിലും ബാധകമായിരിക്കും. കശ്മീരികൾക്ക് മാത്രമായി ഉണ്ടായിരുന്ന രൺബീർ പീനൽ കോഡിനു പകരം ഇന്ത്യൻ ശിക്ഷാനിയമം പ്രബല്യത്തിൽ വന്നു.
- മുൻപ് കശ്മീരികൾക്ക് മാത്രമേ സ്വത്ത് വാങ്ങാൻ സാധിക്കൂ. ഇന്ന് എല്ലാം ഇന്ത്യൻ പൗരൻമാർക്കും ഭൂമിയും വാങ്ങാൻ അവകാശം.
- പെൺകുട്ടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വിവാഹം കഴിച്ചാൽ കശ്മീർ പൗരത്വവും സ്വത്തവകാശവും നഷ്ടമാകും.പുതിയ ഭേദഗതി വന്നതോടെ ഇതും അവസാനിച്ചു.
- ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ നിയമസഭയുടെ കാലാവധി അഞ്ചുവർഷമായി. ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നു.
- ജമ്മുകാശ്മീരിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാർക്കും പ്രായപൂർത്തി വോട്ടവകാശം ലഭിക്കും.
- ആധാർ നിയമം, വിവരാവകാശ നിയമം, വിവാഹ മോചനം അടക്കമുള്ള നിയമങ്ങൾ ബാധകമായി. ഇന്ത്യൻ പൗരൻ അനുഭവിക്കുന്ന എല്ലാം അവകാശങ്ങളും കശ്മീരികൾക്കും ലഭ്യമായി എന്ന് ചുരുക്കത്തിൽ വിശേഷിപ്പിക്കാം.
കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്
മോദി സർക്കാരിന്റെ വികസന മന്ത്രമായ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ കശ്മീരിലും യാഥാർത്ഥ്യമായി. 2019 വരെ കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഫലം താഴ്വരയിൽ എത്തിയിരുന്നില്ല. മാറിമാറി ഭരിച്ചിരുന്ന സർക്കാരുകൾ ഒരു കേന്ദ്രപദ്ധതിയും അവിടെ നടപ്പാക്കിയിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. 1.3 കോടി ജനങ്ങളുള്ള കശ്മീരിൽ കഴിഞ്ഞ 30 വർഷമായി ഒറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. വികസനമില്ലായ്മയും തൊഴിലില്ലായ്മയും മുതലെടുത്താണ് ഭീകരർ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. പ്രത്യേക പദവി നീക്കം ചെയ്യുന്നതിന് സമാന്തരമായി തന്നെ കശ്മീരിന്റെ വികസനവും കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിരുന്നു.
- അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം പോലുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കി. റോഡ്, വൈദ്യുതി,
തൊഴിൽ, വിദ്യാഭ്യാസം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം - റോഡ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഏറ്റവും ദയനീയമായ പ്രദേശമായിരുന്നു ലഡാക്കും ശ്രീനഗറും. സർക്കാർ കണക്കനുസരിച്ച്, 2019 ഓഗസ്റ്റിനു മുമ്പ്, പ്രതിദിനം ശരാശരി 6.4 കിലോമീറ്റർ റോഡ് മാത്രമാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ഇന്ന് പ്രതിദിനം 20.6 കിലോമീറ്റർ റോഡാണ് താഴ്വരയിൽ നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചെനാബ് പാലം (359 മീറ്റർ ഉയരം) ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പൂർത്തിയാക്കിയ മറ്റ് ചരിത്ര പദ്ധതികളിൽ ഒന്നാണ്.
- പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴിൽ 1.3 ലക്ഷം കോടി രൂപയുടെ 75 ലധികം പദ്ധതികളാണ് നടപ്പിലാക്കുന്നത്.
- ആരോഗ്യസംവിധാനം ശക്തിപ്പെടുത്താൻ രണ്ട് എയിംസാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ജമ്മുവിലെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയാണ് 2024 ഫെബ്രുവരി 20ന് നിർവഹിച്ചു.
- 2019 മുതൽ 2022 ജൂൺ വരെയുള്ള കാലയലവിൽ 29,806 പേരെ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയതു. ഇതുകൂടാതെ കേന്ദ്രസർക്കാർ തൊഴിൽദാന പദ്ധതികളിലൂടെ 5.2 ലക്ഷം പേർക്കാണ് ജീവിതമാർഗം തുറന്നത്.
- കശ്മീരിന് മാത്രമായി നിലനിന്നിരുന്ന പ്രത്യേക നിയമത്തിലെ നൂലാമാലകൾ കാരണം പതിറ്റാണ്ടുകളായി പുതിയ നിക്ഷേപങ്ങളോ സംരംഭങ്ങളോ താഴ്വരയിൽ എത്തിയിരുന്നില്ല. ആർട്ടിക്കിൾ 370 ഇല്ലാതായതൊടെ ബഹുരാഷ്‌ട്ര കമ്പനികളടക്കം നിക്ഷേപവുമായി കശ്മീരിലെത്തി. കല്യാൺ ജ്വല്ലേഴ്സ്, ലുലു ഗ്രൂപ്പ് എന്നിവരും നിക്ഷേപം നടത്തിയവരിൽ ഉൾപ്പെടുന്നു. ശ്രീനഗറിലാണ് കല്യാണിന്റെ ഷോറൂം പ്രവർത്തിക്കുന്നത്. ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഒരു ലക്ഷം ചതുരശ്രയടിയുള്ള ഹൈപ്പർമാർക്കറ്റിന്റയും ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത് പൂർത്തിയാകുന്നതോടെ 1500 യുവാക്കൾക്ക് ജോലി ലഭിക്കും.
- 2019 ഓഗസ്റ്റിനു ശേഷം താഴ്വരയിലേക്ക് സമാധാനം തിരിച്ചുവരുന്നതിന്റെ ഏറ്റവും നല്ല സൂചകമാണ് ഈ മേഖലയിലേക്കുള്ള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വർധനവ്. കശ്മീരിൽ നടന്ന ജി20 മിറ്റിംഗുകൾ പ്രദേശത്തിന്റെ ടൂറിസം ഭൂപടത്തെ ശക്തിപ്പെടുത്തി. കഴിഞ്ഞ വർഷം 1.8 കോടി സഞ്ചാരികളാണ് പ്രദേശത്ത് എത്തിയത്. നിലവിൽ ജിഡിപിയുടെ 7 ശതമാനം (80 ബില്യൺ രൂപ) ടൂറിസത്തിന്റെ സംഭാവനയാണ്. കഴിഞ്ഞ വർഷം 200 ലധികം സിനിമകളാണ് വാലിയിൽ ചിത്രീകരിച്ചത്.
- പിഒകെയിൽ നിന്ന് 1947ൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ, പശ്ചിമ പാകിസ്താനിൽ നിന്ന് അഭയാർത്ഥികളായ എത്തിയ കുടുംബങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുളളവർക്ക് 5.5 ലക്ഷം രൂപ വീതം ധനസഹായം നൽകി. 45,000 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിച്ചത്.
70 വർഷത്തെ അരക്ഷിതാവസ്ഥയ്‌ക്ക് അന്ത്യം
എല്ലാം വിഭാഗം ജനങ്ങളുടെയും സുസ്ഥിര വികസനം കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി ജമ്മുകശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, ജമ്മു കശ്മീർ സംവരണം (ഭേദഗതി) ബിൽ എന്നിവ അമിത്ഷാ പാർലമെന്റിൽ അവതരിപ്പിച്ചു. ജമ്മുകശ്മീർ പുനഃസംഘടന (ഭേദഗതി) ബില്ലിലൂടെ കശ്മീരി കുടിയേറ്റ സമൂഹത്തിലെ രണ്ട് അംഗങ്ങൾക്ക് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കി. രണ്ടാമത്തെ ബില്ലിലൂടെ എസ്സി-എസ്ടി വിഭാഗങ്ങൾക്കും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പുവരുത്തി. 70 വർഷമായി അപമാനവും അവഗണനയും അനുഭവിക്കുന്ന സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള ബില്ലുകളാണിതെന്ന് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഭാരതത്തോടും കശ്മീരിനോടും ചെയ്ത കൊടിയ വഞ്ചനയായിരുന്നു ആർട്ടിക്കിൾ 370. അത് നീക്കം ചെയ്തതിലൂടെ അഖണ്ഡഭാരതമാണ് യഥാർത്ഥ്യമായത്. സാരഥ്യം ഏറ്റെടുക്കുന്നതിന് മുൻപ് അത് മോദി നൽകിയ വാക്കായിരുന്നു. കശ്മീർ സ്വതന്ത്രയായതിന് ശേഷം ഏറ്റവും കൂടുതൽ വൈറലായത് 1992ൽ ലാൽ ചൗക്കിൽ ത്രിവർണ്ണ പാതാകയേന്തി നിൽക്കുന്ന യുവ മോദിയുടെ ചിത്രമാണ്…. അതാണ് മോദിയുടെ ഗ്യാരന്റി.