കോഴിക്കോട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്കിൽ ഇടിച്ചു കയറി ദമ്പതിമാർക്ക് ഗുരുതര പരിക്ക്. കൂരാച്ചുണ്ട് സ്വദേശി സണ്ണി, ഭാര്യ ഷാലി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. താമരശ്ശേരി-മുക്കം റോഡിൽ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
റോഡരികിലുള്ള ഓവുചാലിനോട് ചേർന്നുള്ള കലുങ്കിലേക്കാണ് കാർ ഇടിച്ചു കയറിയത്. വാഹനത്തിന്റെ മുൻവശം തകർന്ന നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ നിന്നും പുറത്തിറക്കിയ ഇരുവരെയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവർക്കും തലയിലാണ് സാരമായി പരിക്കേറ്റത്.